ഡല്‍ഹി :നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം വൈകും.ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങിയതോടെയാണ് ജീവനക്കാരുടെ മോചനം വൈകുമെന്ന് ഉറപ്പായത്. പ്രശ്‌നപരിഹാരം തേടി കപ്പല്‍ ജീവനക്കാര്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ, വന്‍ സൈനിക വലയത്തില്‍ 3 മലയാളികള്‍ ഉള്‍പ്പടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്‍ എന്ന ഓയില്‍ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ ഇക്വറ്റോറിയല്‍ ഗിനി പിടികൂടിയത്.
കപ്പലിലെ ജീവനക്കാരില്‍ ഒരാളായ കൊല്ലം സ്വദേശി വിജിത്ത് വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര ഇടപെടലുകള്‍ നടത്തിയെങ്കിലും 89 ദിവസങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. നിയമവിരുദ്ധമായി കപ്പല്‍ പിടിച്ചെടുത്തെന്നും ജീവനക്കാരെ തടവിലാക്കിയെന്നും കാണിച്ച് കപ്പല്‍ കമ്ബനി നേരത്തെ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും കേസുണ്ട്. ഈ കേസുകളില്‍ തീരുമാനമാകട്ടെ, എന്നിട്ടാകാം മറ്റ് നടപടികള്‍ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയതോടെ നയതന്ത്ര നീക്കങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ.്