കെ.എസ്.ആര്‍.ടി.സി ബസ് കൊമ്ബില്‍ കുത്തിയുയര്‍ത്തി വീണ്ടും ‘കബാലി’ എന്ന കാട്ടാനയുടെ പരാക്രമം.
ഇന്നലെ രാത്രി ചാലക്കുടിയില്‍നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. അമ്ബലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം.
പാഞ്ഞടുത്ത കബാലി കൊമ്ബില്‍ കുത്തി ബസുയര്‍ത്തി താഴെ വെച്ചു. രണ്ടു മണിക്കൂറിലേറെയാണ് കബാലി യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞയാഴ്ച സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയില്‍നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചിരുന്നു.
ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.