ആലുവയിലെ പ്രവാസി വ്യവസായിയില്‍ നിന്ന് മരുമകന്‍ 107 കോടി രൂപയിലേറെ തട്ടിയെടുത്തെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.ഗോവയിലേക്ക് കടന്ന മുഖ്യപ്രതി മുഹമ്മദ് ഹാഫിസിനെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. മുഹമ്മദ് ഹാഫിസ്, സുഹൃത്ത് അക്ഷയ് തോമസ് വൈദ്യന്‍ എന്നിവര്‍ക്കെതിരെ ആലുവ സ്വദേശി അബ്ദുള്‍ ലാഹിര്‍ ഹസനാണ് പരാതി നല്‍കിയത്.
അഞ്ച് വര്‍ഷം മുന്‍പായിരുന്നു കാസര്‍കോഡ് സ്വദേശിയായ മുഹമ്മദ് ഹാഫിസുമായി പ്രവാസി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസന്റെ മകള്‍ ഹാജിറയുടെ വിവാഹം. തന്റെ കമ്ബനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാന്‍ നാല് കോടി രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം.ബെംഗളൂരുവില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയ ശേഷം വ്യാജരഖകള്‍ നല്‍കിയായിരുന്നു രണ്ടാമത്തെ തട്ടിപ്പ്. രാജ്യാന്തര ഫുട്ട്വെയര്‍ ബ്രാന്‍ഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ് വെയര്‍ ശൃംഖലയുടെ പേരിലും നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തു.
ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ തട്ടിയത് 35 ലക്ഷം രൂപ. മരുമകനും സുഹൃത്ത് അക്ഷയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് ലാഹിര്‍ ഹസന്‍ അറിയുന്നത് ഏറെ വൈകിയാണ്.വിവാഹത്തിന് ഹാജിറയ്ക്ക് ലഭിച്ച ആയിരം പവന്‍ സ്വര്‍ണവും വജ്രാഭാരണങ്ങളും 1.5 കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും ഇതിനിടയില്‍ തട്ടിയെടുത്തു. തട്ടിപ്പിന്റെ വ്യാപ്തി നൂറു കോടിയിലേറെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വിവിധ ജില്ലകളില്‍ മുഹമ്മദ് ഹാഫിസ് വേറെയും തട്ടിപ്പുകള്‍ നടത്തിയതായി ആലുവ പൊലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഗോവയിലുള്ള ആരോപണ വിധേയര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.