X

വിഴിഞ്ഞം നിര്‍മ്മാണം പുനരാരംഭിക്കാന്‍ അദാനി : പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും രംഗത്ത്

തിരുവനന്തപുരം: ഹൈക്കോടതി നല്‍കിയ ഉറപ്പ് വീണ്ടും സമര സമിതി ലംഘിച്ചു. വിഴിഞ്ഞം തുറമുഖ സമരം അതിശക്തമായി തുടരും. അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സമരക്കാര്‍ അനുവദിച്ചില്ല. നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറികളെ തുറമുഖ പ്രദേശത്തേക്ക് സമരക്കാര്‍ കടത്തി വിട്ടില്ല. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ലോറികള്‍ തിരിച്ചു പോയി. പൊലീസിന്റെ നിര്‍ദ്ദേശം കൂടി മാനിച്ചാണ് ഇത്. ഇതോടെ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ വിഴിഞ്ഞത്ത് നടപ്പിലാക്കാന്‍ പൊലീസിന് കഴിയാത്ത സ്ഥിതി വന്നു.

പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കി. ഇതിന് പിന്നാലെയാണ് വീണ്ടും നിര്‍മ്മാണ പ്രവത്തികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്ബനി അറിയിച്ചത്. സുരക്ഷ ഒരുക്കാമെന്ന് പൊലീസും അറിയിച്ചു. രാവിലെ തന്നെ ലോറികളില്‍ സാധനമെത്തി. എന്നാല്‍ സമരക്കാര്‍ പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ അദാനിയെ അനുകൂലിക്കുന്നവരും പ്രതിഷേധത്തിന് എത്തി. ഇവരെ പൊലീസ് തടഞ്ഞു. ഇതിനിടെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ പൊലീസും ലത്തീന്‍ സഭ അധികൃതരുമായി ചര്‍ച്ചയും നടന്നു. ലോറികളെ മുമ്‌ബോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് അവര്‍ നിലപാട് എടുത്തു. ഇതോടെ പ്രതിഷേധ സ്ഥലത്ത് നിന്ന് ലോറികള്‍ മാറ്റി.പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികളാണ് സമരക്കാര്‍ തടഞ്ഞത്.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ലോറികള്‍ തടഞ്ഞ സമരക്കാരും പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇത് ശക്തമായി തുടര്‍ന്നതോടെയാണ് ലോറികള്‍ മാറ്റിയിട്ടത്. സമരം തുടങ്ങി 102 ദിവസത്തിനുശേഷമാണ് പദ്ധതിക്കായി പാറയെത്തിച്ചത്. മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തുറമുഖ കമ്ബനി കത്ത് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇനി ഹൈക്കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. വിഴിഞ്ഞം സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. ഇന്ന് പാറയുമായി എത്തിയ ലോറിയുടെ ചില്ലും സമരക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു.തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികള്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു. വാഹനങ്ങള്‍ കടത്തിവിടില്ല എന്ന നിലപാടിലായി സമരക്കാര്‍.

അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാന്‍ പൊലീസ് പാടുപെട്ടു. ഇതോടെ സമവായത്തിലേക്ക് ചര്‍ച്ചകള്‍ വഴി മാറി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ചതായി അധികൃത അറിയിച്ചു.

 

Test User: