തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തില്‍കുമാര്‍ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരായേക്കും.മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനാണ് കോടതി നിര്‍ദേശം.
സെന്തില്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിര്‍ദേശം ഉണ്ട്. മുന്‍കൂര്‍ ജാമ്യം തേടുന്നതിന്റെ ഭാഗമായാണ് സെന്തില്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തില്‍കുമാര്‍ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്‌ബോഴായിരുന്നു മര്‍ദനം.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലായിരുന്നു.