തിരുവനന്തപുരം: മദ്യക്കമ്പനികളെ സഹായിക്കാനായി ടേണ്‍ ഓവര്‍ ടാക്സ് അഞ്ച് ശതമാനം കുറച്ച് കൊടുത്തതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ എന്നും മദ്യമാഫിയകള്‍ക്കൊപ്പമെന്ന് ഒന്നുകൂടി തെളിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വളരെ വര്‍ഷങ്ങളായി ഇന്ത്യയിലെ മദ്യക്കമ്പനികള്‍ അവരുടെ ടേണ്‍ ഓവര്‍ ടാക്സ് കുറച്ച് കൊടുത്ത് സഹായിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചുവരികയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടി.പി രാമകൃഷ്ണന്‍ അതിനു ശ്രമിച്ചപ്പോള്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ അതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. അന്ന് ടി.പി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ച് മാറ്റി വെച്ച ഫയലാണ് ഇപ്പോള്‍ പൊടി തട്ടിയെടുത്തത്.
വന്‍കിട മദ്യ കമ്പനികള്‍ക്ക് ടാക്സ് കുറച്ച ശേഷം സര്‍ക്കാരിന്റെ വരുമാനം കുറയാതിരിക്കാന്‍ ആ നികുതി കൂടി സാധാരണ മദ്യപിക്കുന്നവരുടെ തലയില്‍ കെട്ടിവെച്ചത് ഇരട്ടത്താപ്പാണ്.