പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ഉയര്‍ത്താനാണ് തീരുമാനം.ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുന്ന ബി.ജെ.പി അതുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ മുന ഒടിക്കാമെന്ന കണക്ക് കൂട്ടലിലാണ്.
ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ ഇരുസഭകളും സംഗമമായി നടന്നെങ്കിലും ഇന്ന് മുതല്‍ അങ്ങനെയാകില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പുറമെ എയിംസ് സെര്‍വര്‍ ഹാക്കിംഗ്, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടങ്ങിയ 20 ഓളം വിഷയങ്ങള്‍ ഇരുസഭകളിലും ഉയര്‍ത്തും. ചര്‍ച്ചകള്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും.