X

മുംബൈ ഭീകരാക്രമണം ;പോരാട്ടത്തിന്റെയും ഭീതിയുടെയും നാളുകള്‍ക്ക് 14വര്‍ഷം

ജിത കെ പി

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. 2008ല്‍ ഇതേ ദിവസമായിരുന്നു കടല്‍ മാര്‍ഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ഭീകരരുടെ മുള്‍മുനയില്‍ വിറങ്ങലിച്ചു നിന്നത് .നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ എന്ന ഭീകര സംഘടനയില്‍പ്പെട്ട പത്ത് ഭീകരരാണ് അന്ന് മുംബൈ നഗരത്തില്‍ ആക്രമണം നടത്തിയത്.

റെയില്‍വേ സ്റ്റേഷനും ഹോട്ടലുകളും കോളജും സിനിമാ തീയേറ്ററുമെല്ലാം തുടങ്ങി മുംബൈയിലെ ആളുകള്‍ കൂടി നിന്ന പ്രധാന സ്ഥലങ്ങള്‍ ഉന്നംവച്ചു. 60 മണിക്കൂര്‍ രാജ്യം പ്രാര്‍ത്ഥനയില്‍ കഴിഞ്ഞ ദിവസങ്ങള്‍.

അന്നോളം ആരും കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത നരനായാട്ടിന്റെ വിറങ്ങലടിച്ച ധ്വനിമുഴക്കം ഇന്നും മുംബൈ നഗരത്തിലെ കോണുകളില്‍ അലയടിക്കുന്നുണ്ട് .

 

മുംബൈ പൊലീസ് ആസ്ഥാനത്തിനടുത്തുള്ള ലി ഒപോള്‍ കഫേയായിരുന്നു ആദ്യലക്ഷ്യം. അഞ്ച് തീവ്രവാദികള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു.മിനുറ്റുകള്‍ക്കുള്ളില്‍ നരിമാന്‍ ഹൗസിനടുത്തുള്ള കൊളാബയിലെ പെട്രോള്‍ പമ്പിന് നേരെയും ആക്രമണം. പെട്രോള്‍ പമ്പ് പൊട്ടിതെറിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാലത് പരാജയപ്പെട്ടു. നരിമാന്‍ ഹൗസ് ഉന്നംവച്ചായിരുന്നു അടുത്ത നീക്കം. ജൂതന്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശം എന്ന നിലയിലാണ് തീവ്രവാദികള്‍ നരിമാന്‍ ഹൗസില്‍ കടന്നത്.

 

നിമിഷങ്ങള്‍ക്കുള്ളില്‍ ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണം തുടങ്ങി. താജ് ഹോട്ടലിന്റെ സര്‍വീസ് ഡോറിലൂടെ പതുക്കെ അകത്ത് കടന്ന അക്രമികള്‍ തുരുതുരാ വെടിയുതിര്‍ത്തു. നിരവധി പേര്‍ ഭീകരരുടെ തോക്കിന്‍ മുനയില്‍ ജീവന്‍ വെടിഞ്ഞു. വിഐപികളും ടൂറിസ്റ്റുകളും ബന്ദികളാക്കപെട്ടു. മിനുട്ടുകള്‍കുള്ളില്‍ ഹോട്ടല്‍ ട്രൈഡെന്റിലും ആക്രമണമുണ്ടായി. കണ്ണില്‍ കണ്ടവരെയൊക്കെ കൊന്ന് കൊലവിളിച്ച് ഭീകരര്‍ മുന്നേറി കൊണ്ടിരുന്നു. താജ് ഹോട്ടലില്‍ നിന്ന് തീ ഉയര്‍ന്നത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഹോട്ടല്‍ ഒബ്രോയിലും ഭീകരര്‍ നിലയുറപ്പിച്ചു.ഏത് സമയത്തും വലിയ തിരക്കനുഭവപ്പെടുന്ന സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ ഹാന്‍ഡ് ഗ്രനേഡുകളും എകെ 47 തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ വേട്ട. റിസര്‍വേഷന്‍ കൗണ്ടറിനടുത്തേക്ക് ശാന്തരായി കടന്നുവന്ന രണ്ട് ചെറുപ്പക്കാര്‍ ജനത്തിന് നേരെ ആക്രമിക്കുകയായിരുന്നു . നഗരത്തിലെവിടെയും ഭീതിമുഴക്കി വെടിയൊച്ചകളുടെ മുഴക്കം മാത്രംമായി മാറി .

 

 

പ്രത്യാക്രമണത്തിന്റെയും തിരിച്ചുപിടിക്കലിന്റെയും ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഉറച്ച ചുവടുമായി ഇന്ത്യന്‍ സൈന്യം തിരച്ചടിക്കിറങ്ങുമ്‌ബോള്‍ ഒരു മഹാ രാജ്യത്തെ ജനത മുഴുവന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷന്‍. ഭൂരിപക്ഷം തടവുകാരും മോചിപ്പിക്കപ്പെട്ടു. പക്ഷേ യുദ്ധത്തിന്റെ അന്ത്യം ഏറെ അകലെയായിരുന്നു. മലയാളി ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പടെ നിരവധി പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു.

 

 

മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മല്‍ കസബ് പാകിസ്ഥാന്‍കാരനനെന്ന് സ്ഥിരീകരിച്ചു. ഭീകരരില്‍ ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ പിന്നീട് തൂക്കിലേറ്റി.

രാജ്യം ഒരിക്കലും മറക്കാത്ത ഭീതിയുടെ നാള്‍…

 

Test User: