ബസ് സ്റ്റോപ്പ് പള്ളി മിനാരങ്ങളുടെ മാതൃകയിലാണെന്നും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി.മൈസൂരു-ഊട്ടി റോഡിനോട് ചേര്‍ന്ന് പണിത ബസ് സ്റ്റോപ്പ് തകര്‍ക്കുമെന്നാണ് മൈസൂരു-കൊടക് ലോക്സഭാ എംപി പ്രതാപ് സിംഹ പറഞ്ഞത്. അധികൃതര്‍ അതിന് മുന്‍കൈ എടുത്തില്ലെങ്കില്‍ താന്‍ നേരിട്ടിറങ്ങി പൊളിക്കുമെന്നും എംപി പറഞ്ഞു.
‘സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം ബസ് സ്റ്റോപ്പ് ശ്രദ്ധയില്‍പ്പെട്ടത്. അതിന് രണ്ട് മിനാരങ്ങളുണ്ട്. വലുത് നടുവിലും അതിന്റെ ഇരുവശത്തുമായി ഓരോന്നുമാണത്. അതൊരു പള്ളിയാണ്. എഞ്ചിനീയര്‍മാര്‍ക്ക് ഞാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. തകര്‍ത്തില്ലെങ്കില്‍ ജെസിബി കൊണ്ടുവന്ന് തകര്‍ക്കും.’ എന്നാണ് പ്രതാപ് സിംഹ പറഞ്ഞത്.സിംഹയുടെ പരാമര്‍ശങ്ങള്‍ ആദ്യമായല്ല വിവാദമാവുന്നത്. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അന്ന് ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളുകളില്‍ പോകുന്നതിന് പകരം മദ്രസകളില്‍ പോകട്ടെയെന്നായിരുന്നു സിംഹയുടെ പക്ഷം.
2015 ല്‍ കര്‍ണാടക സര്‍ക്കാര്‍ ടിപ്പുസുല്‍ത്താന്‍ ജന്മദിനം ആഘോഷിക്കാനൊരുങ്ങിയപ്പോഴും സിംഹ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. ടിപ്പു സുല്‍ത്താന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മാത്രമാണ് മാതൃകയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തെ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് സിംഹ പ്രചരിപ്പിച്ചത്.