റസാഖ് ഒരുമനയൂര്‍
അബുദാബി: സമൂഹവിവാഹങ്ങള്‍ കേരളത്തില്‍ മാത്രമല്ല മറ്റുരാജ്യങ്ങളിലും അനിവാര്യമാണെന്ന് വിളിച്ചോതി അബുദാബിയില്‍ മറ്റൊരുസമൂഹവിവാഹംകൂടി നടന്നു. യുഎഇയുടെ 51-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 18-ാമത് സമൂഹവിവാഹമാണ് നടന്നത്.
നേരത്തെ 17 തവണ ഇത്തരത്തില്‍ വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള അബുദാബി ഇക്കുറിയും മാതൃകാപരമയാണ് വിവാഹം ഒരുക്കിയത്. 188 യുവാക്കളാണ് കഴിഞ്ഞദിവസം ദാമ്പത്യത്തിന്റെ പുതുജീവിതത്തിലേക്ക് നവവധുവുമായി നടന്നുകയറിയത്.
ദമ്പതികള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍ നേരിട്ടെത്തിയിരുന്നു.
ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്)യുടെ സഹകരണത്തോടെയാണ് പ്രൗഢമായ വേദിയില്‍ സമൂഹവിവാഹം നടന്നത്. യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍നഹ്യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍നഹ്യാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനും ആശംസ നേരാനും എത്തിയിരുന്നു.