അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നത് ആഗോള തൊഴില്‍ തേടുന്ന കേരളത്തിലെ യുവാക്കള്‍ക്ക് ഗുണകരം.ഗവേഷണത്തോടൊപ്പമുള്ള ബിരുദ കോഴ്സുകള്‍ വിദേശ ജോലിക്കും വിദേശത്തെ ഉപരിപഠനത്തിനും സഹായകമാവും.വിദ്യാര്‍ത്ഥികളില്‍ ഡിഗ്രി മുതല്‍ തന്നെ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്സിന്റെ ലക്ഷ്യം. നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്ടും ഉണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്‌ഡി പ്രവേശനം സാദ്ധ്യമാക്കും. മാത്രമല്ല, ഇവര്‍ക്ക് പിജി രണ്ടാം വര്‍ഷത്തിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും.
നാല് വര്‍ഷ കോഴ്സുകള്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.