പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്ന് കണ്ടെത്തൽ

പി.സരിനു വേണ്ടി എൽ.ഡി.എഫ് സന്ദീപ് വാര്യരെ കരുവാക്കി പത്രങ്ങളിൽ പരസ്യം നൽകിയത് അനുമതി വാങ്ങാതെ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിയമപ്രകാരം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രങ്ങളിലും ടെലിവിഷനുകളിലും നൽകുന്ന പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. എന്നാൽ അനുമതി വാങ്ങാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകി.

പരസ്യം പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി ഡിസൈൻ ഉൾപ്പെടെ നൽകിയാണ് അനുമതി വാങ്ങേണ്ടത്. ജില്ലാ കലക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മുതിർന്ന മാധ്യമപ്രവർത്തകൻ,കേന്ദ്രസർക്കാർഉദ്യോഗസ്ഥർ എന്നിവരടങ്ങിയതാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ അനുമതി പോലും വാങ്ങാതെയാണ് എൽ.ഡി.എഫ് പി. സരിനു വേണ്ടി സുപ്രഭാതം, സിറാജ് പത്രങ്ങളിൽ ഇന്ന് പരസ്യം നൽകിയത്. ഈ സാഹചര്യത്തിൽ വിശദീകരണം തേടി സ്ഥാനാർഥിയായ പി. സരിനും ചീഫ് ഇലക്ഷൻ ഏജൻസിനും കലക്ടർ നോട്ടീസയക്കും. പാലക്കാട് ജില്ലാ എഡിഷനിലെ പത്രങ്ങളിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരസ്യം നൽകി സ്ഥാനാർഥി വിജയിക്കുകയാണെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാൻ എതിർപക്ഷത്തിന് അവകാശമുണ്ട്. സ്ഥാനാർഥിക്ക് അയോഗ്യത ഉൾപ്പെടെയുള്ള നടപടികളാകും പിന്നീടുണ്ടാവുക.

മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് പാർട്ടി പത്രം പോലും ഒഴിവാക്കി രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത് എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. നാളെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്.പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചത്.

പാർട്ടി പത്രമായ ദേശാഭിമാനിയിൽ ഉൾപ്പെടെ ഇത്തരത്തിൽ ഒരു പ്രത്യേക സമു​ദായത്തെ ലക്ഷ്യമിട്ടുള്ള പരസ്യം നൽകിയിട്ടില്ല. 20 ശതമാനത്തോളം മുസ്‍ലിം വോട്ടുകളാണ് പാലക്കാട് നിയമസഭ മണ്ഡലത്തിലുള്ളത്.ബി.​ജെ.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം. ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്.

webdesk13:
whatsapp
line