X

‘ പശുസംരക്ഷകരുടെ ആക്രമണത്തെ പിന്തുണക്കാറില്ലെന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ കൈകഴുകി കേന്ദ്രസര്‍ക്കാര്‍. ഗോസംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കാറില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

ജസ്റ്റിസുമാരായ ദീപക്മിശ്ര, എ.എം ഖാന്‍വികാര്‍, മോഹന്‍ എം ശാന്തന്‍ഗൗഡര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചിനോടാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ഇക്കാര്യം പറഞ്ഞത്. പശുക്കടത്തിന്റെ പേരിലും സംരക്ഷണത്തിന്റെ പേരിലും വ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കുകയില്ല. അത്തരം ആക്രമണങ്ങളെ പിന്തുണക്കില്ല. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉത്തരവാദിത്തങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്രം അറിയിച്ചു. ഗോവധം സംബന്ധിച്ചുള്ള എല്ലാ വിഷയങ്ങളും സംസ്ഥാനസര്‍ക്കാരിന്റെ നിയമപരിധിക്കുള്ളില്‍ വരുന്നതാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാജ്യസഭയിലും ഗോസംരക്ഷകരുടെ ആക്രമണത്തെ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി വിമര്‍ശിച്ചിരുന്നു. ഗോസംരക്ഷകര്‍ കാണിച്ചുകൂട്ടുന്ന അക്രമങ്ങളോട് ഒരു തരത്തിലുള്ള സന്ധിയില്ലെന്നും അവരോട് യാതൊരു ദയയും കാണിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. അക്രമങ്ങളെക്കുറിച്ച് അതാത് സംസ്ഥാനങ്ങളോട് അന്വേഷിക്കുമെന്നും ഒരു വീട്ടുവീഴ്ച്ചയും ശിക്ഷ നല്‍കുന്ന കാര്യത്തില്‍ ഉണ്ടാവരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഗോസംരക്ഷകരുടെ അക്രമങ്ങളില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രാജ്യസഭയില്‍ പ്രതിഷേധം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി രംഗത്തെത്തിയത്.

chandrika: