ലണ്ടന്‍: കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ലോകവ്യാപകമായി ആന്തരികാവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ 15 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 22 രാജ്യങ്ങളില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കോവിഡിന്റെ ആദ്യ തരംഗത്തോടെ തന്നെ അവയവ ലഭ്യത കുറഞ്ഞതാണ് ശസ്ത്രക്രിയകളെ ബാധിച്ചത്.
മഹാമാരിയെത്തുടര്‍ന്ന് യഥാസമയം അവയവങ്ങള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതേതുടര്‍ന്ന് നിരവധി പേര്‍ മരണത്തിന് കീഴടങ്ങി. ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളെയാണ് കോവിഡ് ഏറെയും ബാധിച്ചത്.
ജപ്പാനില്‍ 67 ശതമാനവും ക്രൊയേഷ്യയിലും ഹംഗറിയിലും 37 ശതമാനവും ബ്രിട്ടനില്‍ 31 ശതമാനവും അവയവങ്ങള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയകള്‍ കുറഞ്ഞിട്ടുണ്ട്.