ന്യുഡല്‍ഹി: വാദിയെ പ്രതിയാക്കാനുളള നീക്കത്തില്‍, തനിക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ച ഗുസ്തി താരങ്ങള്‍ക്കെക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു.ലൈംഗികാരോപണം ഉന്നയിച്ചത് തന്റെ പക്കല്‍ നിന്ന് പണം തട്ടാനാണെന്നും ബി.ജെ.പി നേതാവിന്റെ ഹരജിയിലുണ്ട്.
ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ സസ്പെന്‍ഡ് ചെയ്യാനും ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാനും ഒളിമ്ബ്യന്‍ ബോക്സര്‍ മേരി കോമിന്റെ നേതൃത്വത്തില്‍ മേല്‍നോട്ട സമിതിയെ കായിക മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. അതിനിടയിലാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരടക്കമുള്ള മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ എഫ്.ഐ.ആര്‍ ഇടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ ബ്രിജ് ഭൂഷണെത്തിയത്. ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനുമാണ് ഗുസ്തി താരങ്ങളുടെ ശ്രമമെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പി എം.പി ആരോപിച്ചു.