X

മനുഷ്യനെ കാത്തിരിക്കുന്നത് തീക്ഷ്ണ കാലവാസ്ഥ: യു.എന്‍

ന്യൂയോര്‍ക്ക്: മനുഷ്യരാശിയെ കാത്തിരിക്കുന്നത് കൂടുതല്‍ തീക്ഷ്ണമായ കാലാവസ്ഥയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ആര്‍ടിക് മഞ്ഞുപാളികള്‍ അതിവേഗം ഉരുകുകയും സമുദ്ര ജലനിരക്ക് ഉയരുകയും ചെയ്യുന്നത് കോടിക്കണക്കിന് ആളുകളെ ദുരിതത്തിലാക്കും. അഭൂതപൂര്‍വമായ മാറ്റങ്ങളാണ് കാലാവസ്ഥയില്‍ ഉണ്ടാകുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ ചെയ്തികളാണ് കാലാവസ്ഥയില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ക്ക് കാരണം. 2015ലെ പാരിസ് ഉടമ്പടി പ്രകാരം ആഗോള താപനം കുറക്കാന്‍ ഊര്‍ജിത നടപടികള്‍ ആവശ്യമാണ്. സമീപ നൂറ്റാണ്ടുകളിലൊന്നും അനുഭവപ്പെടാത്ത മാറ്റങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അന്തരീക്ഷ താപനിലയില്‍ 1.6 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഭൂരിഭാഗം രാജ്യങ്ങളിലും കൊടും വരള്‍ച്ചയും പേമാരിയും ഇരട്ടിയായിരിക്കുകയാണ്. കാട്ടുതീ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കാരണം അടുത്ത 10 വര്‍ഷത്തിനകം അന്തരീക്ഷ താപനില പരിധി ലംഘിക്കും. 66 രാജ്യങ്ങളില്‍നിന്നുള്ള 234 വിദഗ്ധര്‍ ചേര്‍ന്നാണ് യു.എന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2013ന് ശേഷം കാലാവസ്ഥ സംബന്ധിച്ച പ്രധാന അവലോകന റിപ്പോര്‍ട്ടാണിത്. മനുഷ്യരാശിക്കുള്ള മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഫോസില്‍ ഇന്ധനങ്ങളും കല്‍ക്കരിയും ഭൂമിയെ തകര്‍ക്കുന്നതിന് മുമ്പ് അവക്കുള്ള മരണമണിയായി റിപ്പോര്‍ട്ട് മാറണം. ഫോസില്‍ ഇന്ധന പര്യവേക്ഷണവും ഉല്‍പാദനവും അവസാനിപ്പിച്ച് പുതിയ ഊര്‍ജ സ്രോതസ്സുകളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1960 മുതല്‍ മനുഷ്യന്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളിയ കാര്‍ബണ്‍ഡയോക്‌സൈഡില്‍ 56 ശതമാനത്തോളം വനങ്ങളും സമുദ്രങ്ങളും മണ്ണും ആഗിരണം ചെയ്തിട്ടുണ്ട്. പ്രകൃതിയുടെ സഹായമില്ലായിരുന്നെങ്കില്‍ എത്രയോ കാലം മുമ്പ് തന്നെ ഭൂമി വാസയോഗ്യമല്ലാതായി മാറുമായിരുന്നു. 1900ന് ശേഷം സമുദ്രജലിനിരപ്പ് 20 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്നിരട്ടി തോതിലാണ് ജലനിരപ്പ് ഉയരുന്നത്. 2100 ആകുമ്പോഴേക്ക് ജലനിരപ്പ് രണ്ട് മീറ്റര്‍ ഉയരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.

Test User: