ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി തിരഞ്ഞെടുക്കപ്പെട്ട് അഫ്ഷിന്‍ ഇസ്മയില്‍ ഖാദര്‍സാദ എന്ന ഇരുപതുകാരന്‍. 2002 ജൂലൈ 13ന് ഇറാനിലെ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ബുക്കാനിലാണ് അഫ്ഷിന്റെ ജനനം. നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ എഡ്വാര്‍ഡ് നിനോ ഹെര്‍ണാന്റസ് എന്ന കോളംബിയക്കാരനെ പിന്തള്ളിയാണ് അഫ്ഷിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഹെര്‍ണാന്റസിന്റെ ഉയരത്തെക്കാളും 7 സെ.മീ കുറവാണ് അഫ്ഷിന്റെ ഉയരം. ഈ ചെറുപ്പക്കാരന്റെ ഉയരം വെറും 65.24 സെ.മീ മാത്രമാണ്. ജനനസമയത്ത് 700 ഗ്രാം മാത്രമായിരുന്നു ഭാരം. 20 വര്‍ഷത്തിന് അപ്പുറം ലോക റെക്കോര്‍ഡ് നേടുന്ന സമയത്തെ ഭാരം വെറും 6.5 കിലോഗ്രാം മാത്രമാണ്.
അഫ്ഷിന്‍ ഒരിക്കല്‍ പോലും തനിയെ തന്റെ വീടിനു പുറത്തു പോയിട്ടില്ല. രക്ഷിതാക്കള്‍ക്കൊപ്പമാണ് ഗിന്നസ് റെക്കോര്‍ഡ്‌സിന്റെ ദുബായിലെ ഓഫീസില്‍ എത്തിയത്. അവിടെവച്ച് മൂന്നു തവണയാണ് ഉയരം പരിശോധിച്ചത്. ഇത് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണ് റെക്കോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടത്. അഫ്ഷിന്റെ ഉയരക്കുറവും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ കാരണവും ദിനചര്യകള്‍ പോലും ചെയ്യുന്നത് രക്ഷിതാക്കളുടെ സഹായത്തോടുകൂടിയാണ്. ചിലപ്പോഴോക്കെ തനിയെ നടക്കാന്‍ പോലും പ്രയാസമാണ്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും അഫ്ഷിന്റെ കൂടെ വേണം. സ്‌കൂളില്‍ പോയി പഠിക്കാനും ബുദ്ധിമുട്ടുകളുണ്ട്. ഇത് കാരണം ഇപ്പോള്‍ വീട്ടില്‍ ഇരുന്നാണ് പഠനം മുന്നോട്ട് കൊണ്ടുപോവുന്നത്.