ജറൂസലം: അധിനിവേശ ജറൂസലമില്‍ ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ കോടതി വിധി എന്തായാലും ചെറുത്തുനില്‍ക്കാനുള്ള തീരുമാനവുമായി ഫലസ്തീനികള്‍. ബുധനാഴ്ച കേസില്‍ വിധി പറയുന്നത് ഇസ്രാഈല്‍ കോടതി മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി വിധി കുടിയേറ്റക്കാര്‍ക്ക് അനുകൂലമായതുകൊണ്ട് മേല്‍ക്കോടതിയിലും ഫലസ്തീനികള്‍ക്ക് പ്രതീക്ഷയൊന്നുമില്ല. കിഴക്കന്‍ ജറൂസലമിനെ പൂര്‍ണമായും ജൂതവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രാഈല്‍ മുന്നോട്ടുപോകുന്നത്.
ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതും അതിന്റെ ഭാഗമായാണെന്ന് ജറൂസലം കാര്യ ഗവേഷകന്‍ ഫഖ്‌റി അബൂ ദിയാബ് പറയുന്നു. ഷെയ്ഖ് ജര്‍റയില്‍നിന്ന് ഏഴ് ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ജറൂസലമിനെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ കുടിയേറ്റക്കാരുടെയും ഇസ്രാഈല്‍ പൊലീസിന്റെയും ആക്രമണങ്ങളില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു.
ബലമായി കുടിയൊഴിപ്പിക്കാന്‍ നോക്കിയാലും തങ്ങള്‍ സ്വന്തം മണ്ണ് ഉപേക്ഷിച്ചുപോകുന്ന പ്രശ്‌നമില്ലെന്ന് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ വലീദ് ഹുസൈനി പറഞ്ഞു. ജറൂസലമില്‍നിന്ന് ഫലസ്തീനികളെ മുഴുവന്‍ പുറത്താക്കുകയെന്നത് ഇസ്രാഈലിന്റെ ദീര്‍ഘകാല പദ്ധതിയാണ്. പല പേരുകളില്‍ അവര്‍ അതിന് നീക്കങ്ങള്‍ തുടരുന്നുവെന്ന് മാത്രം. കിഴക്കന്‍ ജറൂസലമില്‍ ഏറ്റവും പുതുതായി 218 കുടുംബങ്ങള്‍ കുടിയാഴിപ്പിക്കല്‍ ഭീഷണി നേരിടുന്നുണ്ട്. അധിനിവേശ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.