ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ കണക്കുകളില്‍ ജനസംഖ്യയുടെ പകുതിയിലേറെയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. കുട്ടികളെ മാറ്റിനിര്‍ത്തിയാല്‍ ഇത് 20 കോടിയിലേറെ വരും. 70 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ ഇനിയുമേറെ ദൂരമുണ്ടെന്നതുമാത്രമാണ് വെല്ലുവിളി.
മൂന്നാം തരംഗമായും അതുകഴിഞ്ഞുള്ള നാലാം തരംഗമായും കോവിഡ് വീണ്ടും അതിവേഗം പടരുന്നു. ഫ്രാന്‍സ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറി. ജര്‍മനിയിലും സ്ഥിതി അതിഗുരുതരമാണെന്ന് ചാന്‍സ്‌ലര്‍ അംഗല മെര്‍കല്‍ പറയുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് പുതിയ രോഗികളില്‍ മഹാഭൂരിപക്ഷത്തെയും വേട്ടയാടുന്നത്. വാക്‌സിനെടുത്തവരെയും രോഗം കീഴടക്കുന്നു.
ലക്ഷം പേരില്‍ 12.2 എന്ന തോതിലാണ് ജര്‍മനിയിലെ പുതിയ രോഗബാധ. ജൂലൈ ആദ്യനാളുകളെ അപേക്ഷിച്ച് അതിവേഗമാണ് വ്യാപനം. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ആരോഗ്യ പാസ് നിര്‍ബന്ധമാക്കിയിരുന്നു. റസ്‌റ്റൊറന്റുകള്‍, കഫേകള്‍, ഷോപിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റ് മുതലും വേണമെന്നാണ് നിര്‍ബന്ധം. ഇതോടെ വാക്‌സിനെടുത്തതിന്റെ തെളിവോ കോവിഡ് നെഗറ്റീവായതിന്റെ രേഖയോ ഹാജരാക്കിയാലേ പൊതു സ്ഥലങ്ങളില്‍ എത്താനാകൂ.
ഇറ്റലിയും സമാന നിയമങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗസ്റ്റ് മുതലാകും നിയന്ത്രണങ്ങള്‍ നടപ്പില്‍വരിക. കോവിഡ് ലോക്ഡൗണില്‍നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടന്ന യു.കെയിലും കോവിഡ് വ്യാപനം ഭീതി വിതക്കുകയാണ്.