ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് സ്ഥിരീകരിച്ചത് നാല് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. ഇതോടെ ആകെ കേസുകള്‍ 19.5 കോടി പിന്നിട്ടു. മരണസംഖ്യ 41.88 ലക്ഷമായി ഉയര്‍ന്നു.
നിലവില്‍ ഒരു കോടി നാല്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ 3.52 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6.27 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. മൂന്നാമതുള്ള ബ്രസീലിലാണ് അമേരിക്കക്ക് പിറകെ മരണ സംഖ്യയില്‍ രണ്ടാമതുള്ളത്. 5.50 ലക്ഷമാളുകളാണ് ബ്രസീലില്‍ രോഗം ബാധിച്ച് മരണപ്പെട്ടത്. റഷ്യ, ഫ്രാന്‍സ്, യു.കെ, തുര്‍ക്കി, അര്‍ജന്റീന, കൊളംബിയ, സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്.