വാഷിങ്ടണ്‍: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വൈറസിന്റെ ഭീതിയില്‍ നിന്നും ഇനിയും രക്ഷപ്പെടാന്‍ ലോക രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പുതിയ രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്താത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇതുവരെ ലോകത്ത് 16.61 കോടി ആളുകള്‍ക്ക് രോഗം ബാധിക്കുകയുണ്ടായി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 34.49 ലക്ഷം കവിയുകയും ചെയ്തു.
14.68 കോടി ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെങ്കില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. 1.58 കോടി ആളുകളാണ് ലോകരാജ്യങ്ങളില്‍ ഇപ്പോഴും കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍. ഇതില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുമാണ്.
ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കയിലാണ്. എന്നാല്‍ നിലവില്‍ രോഗ വ്യാപനം ഗുരുതരമായുള്ളത് ഇന്ത്യയിലാണ്. അമേരിക്കയില്‍ 3.38 കോടി ആളുകള്‍ക്ക് രോഗം ബാധിക്കുകയുണ്ടായി. ആറ് ലക്ഷത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ 2.62 കോടി ആളുകള്‍ രോഗബാധിതരായപ്പോള്‍ മരണ സംഖ്യ 2.93 ലക്ഷത്തിനു മുകളിലാണ്. ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. 1.58 കോടി ആളുകളാണ് ഇവിടെ രോഗബാധിതരായത്.
ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങളാണ്. എന്നാല്‍ ഇതില്‍ പല രാജ്യങ്ങളും വാക്‌സിനേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ മുന്‍പന്തിയിലുമാണ്.