വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് കോവിഡ് മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്. എന്നാല്‍ വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം 38.59 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടതെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മരണ സംഖ്യ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സ് നടത്തിയ പഠനത്തിലാണ് ഒന്നര ലക്ഷത്തിലേറെ അധികമായി വരുന്നത്. ഒരു വര്‍ഷത്തിനുള്ളിലാണ് 20 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചതെങ്കില്‍ അടുത്ത 20 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായത് കേവലം 166 ദിവസത്തിനുള്ളിലാണെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.
അഞ്ച് രാജ്യങ്ങളിലാണ് കോവിഡ് മരണത്തിന്റെ 50 ശതമാനവും നടന്നിരിക്കുന്നത്. യു.എസ്.എ, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്‌സികോ രാജ്യങ്ങളിലാണ് കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതല്‍. പെറു, ഹംഗറി, ബോസ്‌നിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലാണ് മരണനിരക്ക് ഏറ്റവും കൂടുതലെന്നും റോയിട്ടേഴ്‌സ് അറിയിച്ചു. നിലവില്‍ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ്. ഇപ്പോള്‍ സ്ഥിരീകരിക്കുന്ന 100 കോവിഡ് കേസുകളില്‍ 43 എണ്ണവും റിപ്പോര്‍ട്ട് ചെയ്യുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ്.
കഴിഞ്ഞ മാര്‍ച്ചിന് ശേഷമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് അതിവേഗത്തില്‍ പടരാന്‍ തുടങ്ങിയത്. കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളും രാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിസന്ധിയാവുന്നുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.