ബീജിംങ്: കോവിഡിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനയും ജപ്പാനും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ നീക്കം. ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിലാണ് വ്യാപനം ശക്തമായത് എന്ന പ്രത്യേകതയുമുണ്ട്. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ അഞ്ചോളം പ്രവിശ്യകളിലേക്കും തലസ്ഥാനമായ ബീജിംങിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലോക്ഡൗണിലേക്ക് പ്രവേശിക്കാനുളള തയ്യാറെടുപ്പിലാണ് ചൈനീസ് അധികൃതര്‍.
ജൂലൈ 20ന് നാന്‍ജിങ് വിമാനത്താവളത്തിലെ ഒമ്പതോളം ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലായ് പത്തിന് റഷ്യയില്‍ നിന്നും എത്തിയ ഒരു വിമാനം ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നു. നാന്‍ജിങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന വാര്‍ത്തകളുമുണ്ട്. ജപ്പാനില്‍ കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ടോക്കിയോക്ക് സമീപം മൂന്ന് പ്രിഫെക്ചറുകളില്‍ കൂടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുന്ന വിവരം അറിയിച്ച പ്രധാനമന്ത്രി യോഷിഹിദെ സുഗ ലളിംപിക്‌സ് മത്സരങ്ങള്‍ വീട്ടിലിരുന്ന് ടി.വിയില്‍ വീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ടോക്കിയോയില്‍ നേരത്തെ തന്നെ കര്‍ശന നിയന്ത്രണമുണ്ട്. ആഗസ്റ്റ് അവസാനം വരെ നിയന്ത്രണം തുടരും.