X
    Categories: CultureMoreViews

യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നിവര്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനം. യു.ഡി.എഫിനെ ശക്തിപ്പെടുത്താനും മുന്നണിയുടെ പൊതുതാല്‍പര്യം കണക്കിലെടുത്തുമാണ് തീരുമാനമെന്ന് കൂടിക്കാഴ്ചക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.
ഇതോടെ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും. കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കി. യു.ഡി.എഫ് പ്രവേശന കാര്യവും യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനും നന്ദി അറിയിക്കുന്നതായും കെ.എം മാണി പ്രതികരിച്ചു.
ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിന് യു.ഡി.എഫ് ശക്തമായി നിലനില്‍ക്കേണ്ടതുണ്ടെന്ന പൊതു വികാരമാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിട്ടു നല്‍കുന്നതില്‍ കോണ്‍ഗ്രസിന് വിഷമമുണ്ട്. മുന്നണിയുടെ ഭദ്രതക്കു വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നതെന്നും ഇത് ഒറ്റത്തവണത്തേക്ക് മാത്രമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.എം മാണിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. വീണ്ടും ഒഴിവു വരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് തന്നെ ലഭിക്കും. കോണ്‍ഗ്രസിന്റെ സീറ്റ് നഷ്ടപ്പെടില്ലെന്നും ഇപ്പോള്‍ ലഭിക്കുന്നതിനു പകരം നാലു വര്‍ഷം കഴിഞ്ഞ് ലഭിക്കുമെന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടു വീഴ്ചക്ക് തയ്യാറായതെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസനും വ്യക്തമാക്കി.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും ചര്‍ച്ചയില്‍ പങ്കെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ചും കേരളത്തിലെ മുന്നണി സംവിധാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷനുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തില്‍ ധാരണയില്‍ എത്തിയ ശേഷം വൈകീട്ട് ആറ് മണിയോടെയാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: