ശ്രീനഗര്‍: ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിനിരയാകുമ്പോഴും കഠ്‌വയിലെ ആ എട്ട് വയസുകാരി പെണ്‍കുട്ടി എന്തുകൊണ്ടാണ് ഒന്ന് ഞെരങ്ങുക പോലും ചെയ്യാതിരുന്നത്? ഒന്ന് ചുണ്ടനക്കാന്‍ പോലും കഴിയാത്ത വിധം ആ കുരുന്ന് ബാലികയെ നിശബ്ദമാക്കിയതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. കഠ്‌വയിലെ ആ കുരുന്ന് ബാലിക ലഹരി വസ്തുക്കളും ഗുളികകളും നല്‍കിയതതിനെ തുടര്‍ന്ന് കോമയിലായിരുന്നപ്പോഴാണ് ക്രൂരമായ പീഡനത്തിനിരയായതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
പ്രാദേശികമായ ലഹരി വസ്തുക്കള്‍ക്ക് പുറമെ മാനസിക രോഗത്തിന് ഉപയോഗിക്കുന്ന ശക്തിയേറിയ ഗുളികകളും നല്‍കിയാണ് പെണ്‍കുട്ടിയെ കോമയിലാക്കിയത്. പ്രാദേശികമായി കഞ്ചാവിന് പകരം ഉപയോഗിക്കുന്ന മന്നാര്‍ എന്ന ലഹരി വസ്തുവും മാനസികരോഗ ചികിത്സക്കായി ഉപയോഗിക്കുന്ന എപിട്രില്‍ 0.5 എം.ജി ടാബ്‌ലറ്റുമാണ് കുട്ടിയെ ബോധം കെടുത്താന്‍ നല്‍കിയിരുന്നത്.
ഇത്തരം മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ അവരെ കോമയിലേക്കോ അല്ലെങ്കില്‍ അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്കോ തള്ളിവിടും എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ക്രൂരമായ പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പ്രതികളും സോഷ്യല്‍ മീഡിയയില്‍ പ്രതികളെ പിന്തുണക്കുന്നവരും ഉയര്‍ത്തിയ ചോദ്യം. ഈ ചോദ്യം കോടതിയിലും ഉന്നയിക്കാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ ഇതിന്റെ എല്ലാ സാധ്യതകളും അടക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്.
വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കണിശമായ അളവില്‍ മാത്രം നല്‍കാവുന്ന ക്ലോണാസെപാം എന്ന വീര്യം കൂടിയ മരുന്നും മന്നാര്‍ എന്ന ലഹരി വസ്തുവും ബലം പ്രയോഗിച്ച് കുട്ടിക്ക് നല്‍കുകയായിരുന്നു. ഭക്ഷണത്തിന് ശേഷം മാത്രം ശരീരത്തിന്റെ ഭാരം നോക്കി നല്‍കേണ്ടി ഗുളികയാണ് ക്ലോണാസെപാം. 0.5 മില്ലി ഗ്രാമില്‍ താഴെയുള്ള ഗുളികകള്‍ മാത്രമേ രോഗികള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ കഠ്‌വയിലെ ബാലികക്ക് ആദ്യ ദിവസം തന്നെ നല്‍കിയത് 0.5 മില്ലി ഗ്രാമിന്റെ അഞ്ച് ഗുളികളാണ്. ഒപ്പം മന്നാര്‍ എന്ന ലഹരി വസ്തുവും നല്‍കി. അമിതമായി മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കോമയില്‍ മരവിച്ച് കിടന്ന കുട്ടിയെ ആണ് ദിവസങ്ങളോളം ക്രൂരമായ പീഡനത്തിനിരയാക്കിയത്. ഭക്ഷണത്തിന് ശേഷം മിതമായ അളവില്‍ നല്‍കേണ്ട ഗുളിക വെറും വയറ്റില്‍ അമിതമായി കഴിക്കേണ്ടി വന്ന ആ പിഞ്ചു ബാലികയുടെ അവസ്ഥ ഊഹിക്കാന്‍ കഴിയാത്തതാണെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്.
കേസ് പരിഗണിക്കുന്ന പഠാന്‍കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. ജനുവരി 17നാണ് ഒരു ക്ഷേത്രത്തില്‍ എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിശാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്ന മന്നു തുടങ്ങിയവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ദിവങ്ങളോളം ക്രൂരമായ പീഡനത്തിരയാക്കി കൊലപ്പെടുത്തിയത്.