X

അമ്മയുടെ കണ്ണീരില്‍ കത്തിപ്പോകും, ‘രക്തസാക്ഷിത്വം’ :അലി ചാഹ്റൂര്‍

സിറിയയിലെ യുദ്ധ ഭൂമിയിലേക്ക് മകനെ പറഞ്ഞയച്ച്‌ ‘രക്തസാക്ഷിത്വം’ ഏറ്റുവാങ്ങിയവരേറെയുള്ള ലബനാനില്‍ മാതൃസ്നേഹമാണ് വലുതെന്ന് പറയാന്‍ തിയറ്ററിനേ കഴിയൂവെന്ന് പ്രശസ്ത ലബനീസ് നാടക സംവിധായകന്‍ അലി ചാഹ്റൂര്‍.
ഇറ്റ്ഫോക് നാടകോത്സവത്തില്‍ ‘ടോള്‍ഡ് മൈ മദര്‍’ എന്ന നാടകം അവതരിപ്പിക്കാനെത്തിയതായിരുന്നു അലി.ലബനാനില്‍ ആളുകള്‍ ഒത്തുകൂടാനും ചോദ്യങ്ങള്‍ ഉയര്‍ത്താനുമുള്ള ഏക പൊതു ഇടം എന്നത് തിയറ്റര്‍ മാത്രമാണ്. സിറിയയിലേക്ക് പോയ മകനെ കാത്തിരുന്ന എന്റെ അമ്മായിയുടെ കഥയും മകനെ സിറിയയിലേക്ക് പറഞ്ഞയക്കാന്‍ ശ്രമം നടത്തിയ രാഷ്ട്രീയ -മതനേതൃത്വത്തെ വീട്ടില്‍നിന്ന് അടിച്ചിറക്കിയ മറ്റൊരു ബന്ധുവിന്റെ കഥയുമാണ് ‘ടോള്‍ഡ് ബൈ മദര്‍’ എന്ന നാടകത്തിലൂടെ അരങ്ങിലെത്തിക്കുന്നത്.

അവരുടെ ദുഃഖങ്ങളും ചെറു വിജയങ്ങളും നാടകത്തിലൂടെ എന്റെ കാഴ്ചപ്പാടിലേക്ക് മാറ്റി അവതരിപ്പിച്ചു. അതിനാല്‍, ഹൃദയത്തോടടുത്തുകിടക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. ഏഴുവര്‍ഷം സിറിയയിലേക്ക് പോയ മകനെ കാത്തിരുന്ന് എന്റെ അമ്മായി ഫാത്തിമ അര്‍ബുദം വന്നു മരിച്ചു.

മറ്റൊരു ബന്ധുവായ ലൈല, 15 വയസ്സായ മകന്‍ അബ്ബാസിനെ സായുധ പരിശീലനത്തിന് അയക്കുന്നത് തടഞ്ഞു. അതിന് പ്രേരിപ്പിച്ച പ്രാദേശിക രാഷ്ട്രീയ -മത നേതാക്കളോട് അവനെ എനിക്ക് വിട്ടുതരാന്‍ ആവശ്യപ്പെട്ടു. മക്കളുടെ ജീവിതത്തേക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും. അങ്ങനെ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഈ മാതാവും മകനും നാടകത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ജീവിതങ്ങളെ കൊലക്ക് കൊടുത്ത് നിരര്‍ഥകമായ രക്തസാക്ഷിത്വം ഏറ്റുവാങ്ങി ചിലരുടെ കളികളുടെ ഭാഗമാകുന്നത് എന്തിനാണെന്ന് ഈ നാടകത്തില്‍ ഉയര്‍ത്തുന്നുണ്ട്.

webdesk12: