X

വാലൈന്റന്‍സ് സമ്മാനം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു; 51കാരിക്ക് നഷ്ടമായത് 3.68 ലക്ഷം രൂപ

മുംബൈ: വാലൈന്റന്‍ ദിനത്തില്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് 51 കാരിയില്‍ നിന്ന് 3.68 ലക്ഷം രൂപ തട്ടി. ഖാര്‍ സ്വദേശിയായ 51 കാരിക്കാണ് പണം നഷ്ടമായത്. സമൂഹമാധ്യമങ്ങളില്‍ പരിചയപ്പെട്ടയാളാണ് സ്ത്രീയില്‍ നിന്ന് പണം തട്ടിയത്.

അലെക്സ് ലോറന്‍സ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിനു പിന്നാലെ തന്നെ ഇയാള്‍ സ്ത്രീയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. കപ്പലിലെ ഓഫീസറാണെന്നാണ് സ്ത്രീയോട് പറഞ്ഞത്. പണം ആവശ്യപ്പെടുന്നത് ഭീഷണി സ്വരത്തിലായതോടെയാണ് സ്ത്രീ ചതിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി മൂന്നിനാണ് സ്ത്രീക്ക് ഇന്‍സ്റ്റഗ്രാമില്‍ അജ്ഞാതനായ പ്രതിയുടെ പ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. റിക്വസ്റ്റ് സ്വീകരിച്ച സ്ത്രീ പിന്നീട് ഇയാളുമായി ചാറ്റ് ചെയ്യുകയും പ്രതിയുടെ ആവശ്യപ്രകാരം ഇവര്‍ ഫോണ്‍ നമ്ബര്‍ കൈമാറുകയുമായിരുന്നു.

ഷിപ്പിലെ ഓഫീസറാണെന്നും ഇറ്റലിയില്‍ ജിം നടത്തുന്നുണ്ടെന്നും ഫ്രണ്ട് സ്ത്രീയോട് പറഞ്ഞു. അവര്‍ തമ്മിലടുത്തതോടെ സ്ത്രീയോട് സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ഇവര്‍ അയച്ചു നല്‍കുകയും ചെയ്തു. ഫെബ്രുവരി എട്ടിന് പ്രതി ഇവരോട് വാലൈന്റന്‍സ് ഡേ സമ്മാനം നല്‍കുമെന്ന് അറിയിക്കുകയും അതിന് അവരുടെ വിലാസം അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 750 രൂപ കൊറിയര്‍ കമ്ബനിക്ക് നല്‍കണമെന്നും പണം കവറിലാക്കി പാര്‍സലിനുള്ളിലുണ്ടാകുമെന്നും ഇയാള്‍ അറിയിച്ചു.

ഫെബ്രുവരി 10ന് സ്ത്രീക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അവര്‍ക്ക് ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്നും പരിധിയിലേറെ ഭാരമുള്ളതിനാല്‍ 72,000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ അത് അടച്ചു. പിന്നീട് പാര്‍സലില്‍യൂറോപ്യന്‍ കറന്‍സി കണ്ടുവെന്നും കള്ളപ്പണ പ്രശ്നം ബാധിക്കാതിരിക്കാര്‍ 2,65,000 രൂപ അടക്കണമെന്നും കൊറിയര്‍ കമ്ബനി ആവശ്യപ്പെട്ടു. സ്ത്രീ അതും അടച്ചു. എന്നാല്‍ വീണ്ടും 98,000 രൂപ അടക്കാന്‍ കൊറിയര്‍ കമ്ബനി ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീക്ക് സംശയമായി. തുടര്‍ന്ന് അവര്‍ ലോറന്‍സ് എന്ന സുഹൃത്തിനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ പണമടച്ചില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ വൈറലാക്കുമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തി. ഇതോടെയാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നെന്ന് സ്ത്രീ മനസിലാക്കിയത്. തുടര്‍ന്ന് സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

webdesk12: