കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ സഹോദരന്‍ നിര്‍മല്‍ ചൗബേ ആശുപത്രിയില്‍ മരിച്ചു. ബിഹാറിലെ ഭഗല്‍പുരിലെ മായാഗഞ്ച് ആശുപത്രിയിലാണ് സംഭവം.മരണത്തില്‍ ചികിത്സാ പിഴവാരോപിച്ച് കുടുംബം രംഗത്തെത്തി. ഇതോടെ, ആരോപണവിധേയരായ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
‘നിര്‍മലിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായി മെഡിക്കല്‍ പ്രൊഫഷണലുകള്‍ കണ്ടെത്തി. ഒരു മുതിര്‍ന്ന ഡോക്ടര്‍ ആവശ്യമായ മരുന്ന് നല്‍കി. തുടര്‍ന്ന് രോഗിയെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല’- ആശുപത്രി സൂപ്രണ്ട് ഡോ. അസിം കെ.ആര്‍ ദാസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.സി.യുവില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുവായ ചന്ദന്‍ പറഞ്ഞു. “അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ ഇവിടെയെത്തിച്ചു. എന്നാല്‍ ഡോക്ടറുണ്ടായിരുന്നില്ല. ഐസിയുവിലും ഡോക്ടറുണ്ടായിരുന്നില്ല”- ചന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് ഭഗല്‍പൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജയ് കുമാര്‍ ചൗധരി പറഞ്ഞു. “അശ്രദ്ധ കാണിക്കുന്ന ആര്‍ക്കെതിരെയും ഞങ്ങള്‍ നടപടിയെടുക്കും. ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിന്ന് പോകാന്‍ ഇടയാക്കുന്ന രീതിയില്‍ ബഹളമുണ്ടാക്കിയാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.