കോട്ടയം: ദലിത് ആദിവാസി പിന്നോക്ക സമുദായ സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധിയെ മുന്‍നിര്‍ത്തി തുറന്ന സംവാദം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15-ന്, കോട്ടയം പ്രസ്സ്‌ക്ലബ്ബ് ഹാളില്‍ രാവിലെ 11 മണി മുതല്‍ 5 മണി വരെയാണ് സംവാദം നടത്തുന്നത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നടപ്പാക്കുന്ന നിയമത്തിന് സുപ്രീം കോടതി വിധി അംഗീകാരം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 46-ാം അനുഛേദമനുസരിച്ചുള്ള നിര്‍ദ്ദേശകതത്വമനുസരിച്ച് ‘സാമ്പത്തികമായി ദുര്‍ബ്ബല വിഭാഗ’ങ്ങളുടെ ക്ഷേമത്തിന് വേണ്ടി യുക്തമായ നടപടി ഭരണകൂടം കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ചില്‍ ഭൂരിപക്ഷം (3 പേര്‍) നിയമഭേദഗതിക്ക് പൂര്‍ണ്ണമായും അംഗീകാരം നല്‍കിയപ്പോള്‍ എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി നിയമം ബാധകമാക്കണമെന്ന വാദമുയര്‍ത്തി വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു വിധിയാണ് ന്യൂനപക്ഷ ബെഞ്ച് (2 പേര്‍) പുറപ്പെടുവിച്ചത്.
നൂറ്റാണ്ടുകളായി എസ്സി/എസ്ടി/ഒബിസി തുടങ്ങിയ വിഭാഗങ്ങളോട് ജാതിമര്‍ദ്ദനമെന്ന സാമൂഹികമായ അനീതി തുടര്‍ന്നുകൊണ്ടിരുന്ന സവര്‍ണ്ണരിലെ ഒരു വിഭാഗത്തെയാണ് ‘സാമ്പത്തികമായ ദുര്‍ബ്ബലര്‍’ എന്നു നിയമം പരിഗണിച്ചിരിക്കുന്നത്.
സുപ്രീം കോടതിയും ഇത് ശരി വച്ചു. സാമ്പത്തികമായി ദുര്‍ബ്ബലര്‍ ഏത് ജാതിയില്‍പെട്ടവരാണെങ്കിലും, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം തള്ളപ്പെട്ടവര്‍ക്ക് സംവരണം നല്‍കാനുള്ള ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ 15, 16 എന്നീ വകുപ്പുകളുടെ സംരക്ഷണത്തിന് അര്‍ഹരല്ല. മണ്ഡല്‍ കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ 9 അംഗ വിധിയിലും, മറ്റ് വിധികളിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും 46-ാം അനുഛേദമനുസരിച്ച് ‘സാമ്പത്തികമായി ദുര്‍ബ്ബലരായ’ സവര്‍ണ്ണര്‍ അതിന് അര്‍ഹരാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധികള്‍ വ്യക്തമാക്കിയത്.
ഭരണഘടനയോട് നീതി പുലര്‍ത്താന്‍ സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യനപക്ഷ വിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട സാഹചര്യമാണ് . ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്ന വിധിയും വ്യവഹാര നടപടിയും ഒരു തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് കാലഘടത്തിന്റെ ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംവാദം നടത്തുന്നത്. വിവിധ ദലിത് – ആദിവാസി – പിന്നോക്ക സമുദായ സംഘടനാ പ്രതിനിധികളും, നിയമവിദഗ്ധരും സംവാദത്തിവല്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം. ഗീതാനന്ദന്‍ അറിയിച്ചു.