സംസ്ഥാനത്ത് അര ലക്ഷത്തിലധികം റേഷന്‍ കാര്‍ഡുകള്‍ കൂടി മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ റേഷന്‍ അടുത്ത മാസം മുതല്‍ 51,000 കാര്‍ഡുകള്‍ക്ക് കൂടി ലഭിക്കും.മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയ കാര്‍ഡുകള്‍ക്ക് അംഗത്തിന് അനുസരിച്ച് നാലു കിലോ അരിയും ഒരു കിലോ ഗോതമ്ബും ലഭിക്കും. ഗോതമ്ബോ ലഭ്യതക്ക് അനുസരിച്ച് ആട്ടയോ ആണ് നല്‍കുക. 35,08,122 മുന്‍ഗണന കാര്‍ഡുകളാണ് നിലവിലുള്ളത്.
ഈ കാര്‍ഡുകളിലായി 1,31,97,093 ഗുണഭോക്താക്കളുമുണ്ട്. അനര്‍ഹരായ കാര്‍ഡ് ഉടമകള്‍ സ്വയം തിരിച്ചേല്‍പിച്ചതും പരാതിയുടെയും ഓപ്പറേഷന്‍ യല്ലോ വഴിയും പടികൂടിയതുമായ 55,000 ഒഴിവുകളാണ് മുന്‍ഗണന വിഭാഗത്തില്‍ ഉണ്ടായത്.കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈനായി അപേക്ഷിച്ച 70,000 പേരില്‍ അര്‍ഹതയുള്ള 51,000 പേരുടെ കാര്‍ഡുകളാണ് പുതുതായി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് 30 മാര്‍ക്കിന് മുകളില്‍ കിട്ടിയവരാണ് അര്‍ഹത നേടിയത്.
ബാക്കി 4000ത്തിലധികം ഒഴിവുകള്‍ ഇനിയുമുണ്ടെങ്കിലും അര്‍ഹരായവര്‍ ഇല്ലാത്തതിനാല്‍ അവ ഒഴിഞ്ഞുകിടക്കും. അതേസമയം തുടര്‍ന്നുവരുന്ന അപേക്ഷകളില്‍ പരിശോധന നടത്തി അര്‍ഹരായവര്‍ക്ക് അവസരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം അതിദരിദ്രരായ 8000 കാര്‍ഡ് ഉടമകള്‍ക്ക് അന്ത്യോദയ കാര്‍ഡുകള്‍ നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.