X

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തി. മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്’ ലേഖകന്‍ ശശികാന്ത് വാരിഷെ (48)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പന്താരിനാഥ് അംബേര്‍കര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

എണ്ണ ശുദ്ധീകരണശാലക്ക് എതിരെ സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയതിന് നിലവില്‍ കേസുള്ളയാളാണ് അംബേര്‍ കാര്‍. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ വെളിപ്പെടുത്തി തിങ്കളാഴ്ച ശശികാന്ത് വാരിഷേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും നല്‍കിയിരുന്നു. തിങ്കളാഴ്ച രജാപുര്‍ ദേശീയ പാതക്ക് അടുത്തുള്ള പെട്രോള്‍ പമ്ബില്‍ വാരിഷെ തന്റെ സ്കൂട്ടിയില്‍ ഇരിക്കുമ്ബോള്‍ ജീപ്പില്‍ വന്ന അംബേര്‍കര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അംബേര്‍കര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്. കൊലപാതകത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും താക്കറെ പക്ഷ ശിവസേന എംപി വിനായക് റാവുത്തും ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് റാവുത്ത് പറഞ്ഞു.

webdesk12: