തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വി.സി നിയമനത്തില്‍ ഡിവിഷന്‍ ബെഞ്ച് വിധി ചാന്‍സലറായ ഗവര്‍ണര്‍ക്ക് തിരിച്ചടിയായി. കേരള സര്‍വകലാശാല വി.സി നിയമനത്തിന് സര്‍വകലാശാല പ്രതിനിധിയില്ലാതെ സെര്‍ച് കമ്മിറ്റി രൂപവത്കരിച്ച കേസിലും ഡിവിഷന്‍ ബെഞ്ചില്‍ രാജ്ഭവന്‍ നടപടിക്ക് തിരിച്ചടിയേറ്റിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് താല്‍ക്കാലിക വി.സി നിയമനം ആവശ്യമായി വന്നത്. സര്‍വകലാശാല നിയമപ്രകാരം മറ്റ് സര്‍വകലാശാല വി.സിെയയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ പ്രോ വൈസ്ചാന്‍സലറെയോ സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം താല്‍ക്കാലിക വി.സിയായി നിയമിക്കണം.
ഇതുപ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സജി ഗോപിനാഥിന്‍റെ പേരും പിന്നീട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിയുടെ പേരും സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തെങ്കിലും രണ്ടും തള്ളിയ ഗവര്‍ണര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ. സിസ തോമസിനാണ് വി.സിയുടെ ചുമതല നല്‍കിയത്. നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരിവെച്ചു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലെത്തിയത്.
താല്‍ക്കാലിക വി.സി നിയമനത്തിന് പാനല്‍ നല്‍കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതോടെ പുതിയ താല്‍ക്കാലിക വി.സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ പാനല്‍ സമര്‍പ്പിച്ചേക്കും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് ഇത് പരിഗണിക്കേണ്ടിവരും.