ഗൗതം അദാനിയും കൂട്ടാളികളും പൊതുഖജനാവില്‍ നിന്ന് കബളിപ്പിച്ച് ലക്ഷക്കണക്കിന് കോടികള്‍ തട്ടിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹരജി കേള്‍ക്കാമെന്ന് സുപ്രീംകോടതി. അടിയന്തിരമായി കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ 10 ദിവസം കഴിഞ്ഞ് കേള്‍ക്കാമെന്നായിരുന്നുചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആദ്യം പറഞ്ഞത്.
എന്നാല്‍, അഭിഭാഷകന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗിനെതിരെ അന്വേഷണത്തിന് സമര്‍പ്പിച്ച ഹരജിക്കൊപ്പം 17ന് കേള്‍ക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അദാനി -ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ വിദഗ്ധ സമിതിയുണ്ടാക്കാന്‍ സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും പരസ്പര ധാരണയിലെത്തിയതിന് പിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ക്കൊപ്പം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഹരജിയും ചേര്‍ത്തുകേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.