ലഖ്‌നൗ: തന്റെ എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കട്ടെയെന്ന് ശപിച്ച ഉത്തര്‍പ്രദേശിലെ പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്താവന വിവാദമായി. മഞ്ഞപ്പിത്തത്തില്‍ നിന്ന് മുക്തി ലഭിക്കണമെങ്കില്‍ തന്റെ കൈയ്യില്‍ നിന്ന് മരുന്ന് കിട്ടണമെന്നും രാജ്ഭര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയുടെ പ്രസിഡണ്ടാണ് ഓംപ്രകാശ് രാജ്ഭര്‍. ബല്യയില്‍ നടത്തിയ റാലിക്കിടെയായിരുന്നു മന്ത്രിയുടെ ശാപവാക്കുകള്‍. ഉത്തര്‍പ്രദേശില്‍ മോദി ഗുജറാത്ത് മോഡല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അത് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയാണെന്നും രാജ്ഭര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മദ്യനിരോധനം നടപ്പാക്കണമെന്നും രാജ്ഭര്‍ ആവശ്യപ്പെട്ടു.
നേരത്തെ രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്ന രാജ്ഭറിന്റെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. പ്രസ്താവനക്കെതിരെ രംഗത്തെത്തിയ രജപുത്ര, യാദവ സംഘടനകള്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും വീടിന് നേരെ തക്കാളിയും ചീമുട്ടയും വലിച്ചെറിയുകയും ചെയ്തിരുന്നു.