X
    Categories: indiaNews

ടൂള്‍കിറ്റ് വിവാദം; ബിജെപി ട്വീറ്റ് വ്യാജമെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി ഐടി സെല്‍ തലവന്‍ സംബിത് പാത്രയുടെ ആരോപണം കൃത്രിമമെന്ന് അടയാളപ്പെടുത്തി ട്വിറ്റര്‍.
സാംബിത് പാത്ര ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ കൃത്രിമം (മാനിപ്പുലേറ്റഡ്) എന്നാണ് ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ലെറ്റര്‍ ഹെഡിലുള്ള ഒരു പ്രസ്താവനയാണ് സംബിത് പാത്ര പങ്കുവെച്ചത്.

ഇത് വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് സൈറ്റുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ടൂള്‍കിറ്റ് തയ്യാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്നാണ് സംബിത് പാത്ര ആരോപിച്ചത്. ‘കോവിഡിന്റെ പുതിയ വകഭേദത്തിന് ഇന്ത്യന്‍ വകഭേദം എന്ന് തന്നെ ഉപയോഗിക്കണം, സാമൂഹിക മാധ്യമങ്ങളില്‍ മോദി വകഭേദം എന്നും പ്രയോഗിക്കാം. സെന്‍ട്രല്‍ വിസ്ത പദ്ധതി മോദിയുടെ സ്വകാര്യ വസതിയായി ചര്‍ച്ചകളില്‍ അവതരിപ്പിക്കണം. പിഎം കെയര്‍ ഫണ്ടിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തണം.
കുംഭമേളയെ കോവിഡ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുമ്പോള്‍ ഈദ് ഗാഹുകളെ ഒത്തുചേരലുകള്‍ മാത്രമായും അവതരിപ്പിക്കണം’ തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റേത് എന്ന പേരില്‍ ബി .ജെ. പി പുറത്തുവിട്ട ടൂള്‍കിറ്റിലുള്ളത്. കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രമാണ് ടൂള്‍കിറ്റിലൂടെ പുറത്തുവന്നതെന്നും ബി. ജെ.പി ആരോപിച്ചിരുന്നു.

അതേസമയം ഈ ടൂള്‍കിറ്റിന്റെ ടാഗ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററോട് ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് സാംബിത് പാത്രയുടെ ട്വീറ്റ് കൃത്രിമം എന്ന് ട്വിറ്റര്‍ മുദ്രകുത്തിയത്.

കര്‍ഷക സമരം നടക്കുമ്പോള്‍ വൃദ്ധനായ ഒരു കര്‍ഷകന് നേരെ പൊലീസ് ലാത്തി വീശുന്ന ചിത്രം വൈറലായിരുന്നു. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്ത് സാംബിത് പാത്ര ട്വീറ്റ് ചെയ്തത് കര്‍ഷകനെ പൊലീസ് സ്പര്‍ശിച്ചിട്ടേ ഇല്ല എന്നായിരുന്നു.
ഈ ട്വീറ്റും കൃത്രിമം എന്ന് ട്വറ്റര്‍ അടയാളപ്പെടുത്തി. സമര കാരണങ്ങളും എങ്ങനെ സമരം ചെയ്യാമെന്നും ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാനായി ഡിജിറ്റലായി തയ്യാറാക്കുന്ന രേഖകളാണ് ടൂള്‍കിറ്റുകള്‍. ഇന്ത്യയില്‍ ടൂള്‍കിറ്റ് എന്ന വാക്ക് ചര്‍ച്ചയായത് കര്‍ഷക സമരത്തിനിടെയാണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പരിസ്ഥിതിപ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ഡോക്യുമെന്റാണ് വിവാദമായത്. ഗ്രേറ്റയുടെ ടൂള്‍ കിറ്റ് അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം.
ടൂള്‍ കിറ്റ് തയ്യാറാക്കി നല്‍കിയെന്നാരോപിച്ച് ബംഗളൂരുവിലെ പരിസ്ഥിതിപ്രവര്‍ത്തക ദിഷ രവി ഉള്‍പ്പെടെ ചിലരെ അറസ്റ്റ് ചെയ്തത് വിവാദമാവുകയും ചെയ്തു.

Test User: