X

വിന്‍ഡീസിനെതിരെ ഒമ്പത് വിക്കറ്റ് ജയം; ഇന്ത്യക്ക് പരമ്പര

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും നിലയുറപ്പിച്ചതോടെ 14.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. 45 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 29 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ ബൗളര്‍മാരുടെ മാരക പ്രഹരശേഷിക്ക് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. 31.5 ഓവറില്‍ വിന്‍ഡീസ് നിരയിലെ എല്ലാവരും പുറത്തായി. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ജഡേജ നാലും ബൂംമ്രയും ഖലീലും രണ്ട് വിക്കറ്റ് വീതവും ഭുവിയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ(0) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പും പൂജ്യത്തിന് പുറത്തായി. അപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു.

പിന്നീട് സാമുവല്‍സും റോമന്‍ പവലും ചേര്‍ന്ന് വിന്‍ഡീസിനെ 36 റണ്‍സില്‍ എത്തിച്ചെങ്കിലും ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി രവീന്ദ്ര ജഡേജ വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്‍കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് റോമന്‍ പവലുമായി സഖ്യത്തിന് ശ്രമിച്ച ഹെറ്റ്‌മെയറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ വിന്‍ഡീസ് കിതപ്പ് കൂടി. ഹെറ്റ്‌മെയറുടെ സമ്പാദ്യം വെറും ഒമ്പത് റണ്‍സ്.

തൊട്ടടുത്ത ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കേ റോമനെ പേസര്‍ ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ വിന്‍ഡീസ് കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്തെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ(25) ഖലീല്‍ അഹമ്മദ് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. 29ാം ഓവറിലെ ആദ്യ പന്തില്‍ കീമോ പോള്‍ അഞ്ച് റണ്‍സുമായി കുല്‍ദീപിനും കീഴടങ്ങി.

ദേവേന്ദ്ര ബിഷുവും കെമാര്‍ റോച്ചും ചേര്‍ന്ന് വിന്‍ഡീസിനെ അത്ഭുകതകരമായി 100 കടത്തി. എന്നാല്‍ ഒരു റിവ്യൂവില്‍ രക്ഷപെട്ട റോച്ചിനും അധികം ആയുസുണ്ടായിരുന്നില്ല. 15 പന്തില്‍ അഞ്ച് റണ്‍സെടുത്ത റോച്ചിനെ 32ാം ഓവറില്‍ ജഡേജ ജാദവിന്റെ കൈകളിലെത്തിച്ചു. രണ്ട് പന്തുകളുടെ ഇടവേളയില്‍ റണ്ണൊന്നുമെടുക്കാതെ ഓഷേന്‍ തോമസിനെയും ജഡേജ പുറത്താക്കിയതോടെ വിന്‍ഡീസ് പോരാട്ടം അവസാനിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: