പണമടക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ ”സാര്‍, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പോകുവാ സാര്‍” എന്നെഴുതിയ കുറിപ്പ് കണ്ട് സുമനസ്സുകളുടെ സഹായപ്രവാഹം. രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും അഞ്ച് കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. കുഞ്ഞുങ്ങളുടെ കുറിപ്പ് വേദനിപ്പിച്ചു. പുത്തുമലയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ കുഞ്ഞുങ്ങളുടെ വീട്ടിലെത്തും. അഞ്ച് കൊല്ലത്തെ പഠനച്ചെലവും രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും ഏറ്റെടുക്കും. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഒരാള്‍ ഒരുവര്‍ഷത്തെ വൈദ്യൂതി ബില്‍ അടച്ചെന്ന് അറിഞ്ഞതില്‍ സന്തോഷം” -രാഹുല്‍ മാങ്കൂട്ടത്തില്‍.
‘ഉള്ളില്‍ നൊമ്പരം വിതയ്ക്കുന്ന ഒരു വാര്‍ത്ത കണ്ടുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. ഒരു ഏഴാം ക്ലാസ്സുകാരിയും പന്ത്രണ്ടാം ക്ലാസുകാരിയും അവരുടെ നോട്ട്ബുക്കിന്റെ പേപ്പറില്‍ ഫ്യൂസ് ഊരരുത് എന്ന് KSEB യോട് അഭ്യര്‍ഥിച്ചുള്ള ഒരു കത്ത് എഴുതി വെച്ചു അവര്‍ സ്‌കൂളില്‍ പോയി. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറെ വിളിച്ച് ആ കുട്ടികളുടെ അച്ഛനോട് സംസാരിച്ചു. ആ വീടിന്റെ അടുത്ത രണ്ട് വര്‍ഷത്തെ വൈദ്യുതി ചാര്‍ജ്ജ് ഡെപ്പോസിറ്റ് ചെയ്യുന്നു. ഒപ്പം ആ കുഞ്ഞ് മിടുക്കികളുടെ അടുത്ത 5 വര്‍ഷത്തെ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുന്നു’ -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കുടിശ്ശികയുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാനിറങ്ങിയ ലൈന്‍ മാന്‍ ബിനീഷിനാണ് ചെറുകോല്‍ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത് നിര്‍ധന കുടുംബം താമസിക്കുന്ന വീട്ടില്‍നിന്ന് കുറിപ്പ് ലഭിച്ചത്. അപേക്ഷയും 500 രൂപയും മീറ്ററിനടുത്തായി വെച്ചിരുന്നു. തൊട്ടടുത്ത് എഴുതിയിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഗൃഹനാഥനെ കിട്ടി.
രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്റെ കുടിശ്ശിക. സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളില്‍ വൈദ്യുതി വിഛേദിക്കുന്ന വീടാണിത്. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നത്. വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിഛേദിക്കേണ്ടി വരുന്നതെന്ന് കോഴഞ്ചേരി സെക്ഷനിലെ ലൈന്‍മാന്‍മാര്‍ പറയുന്നു.
തയ്യല്‍ കടയിലെ ജീവനക്കാരനാണ് പിതാവ്. ഇദ്ദേഹത്തിന്റെ ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. പല മാസങ്ങളിലും സ്‌കൂളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത് കഴിയേണ്ടി വന്നതിനാലാണ് അപേക്ഷ എഴുതിയതെന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന് വര്‍ഷമായി കാണാനില്ല. തയ്യല്‍ കടയില്‍ നിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ് ആഹാരവും മക്കളുടെ പഠനവും മുന്നോട്ട് പോകുന്നത്.
രാവിലെ അച്ഛനും തങ്ങള്‍ക്കും ഭക്ഷണം പാചകം ചെയ്തിട്ടാണ് മക്കള്‍ സ്‌കൂളിലേക്ക് പോകുന്നത്. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്. തികച്ചും ദരിദ്രമായ സാഹചര്യത്തില്‍ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവര്‍ കഴിയുന്നത്. വീട്ടില്‍ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്.