X
    Categories: MoreNewsViews

റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ഇടപാടിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രീംകോടതി നിര്‍ദേശം. റഫാല്‍ ഇടപാടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ പുറത്തുവിടാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

അതിനിടെ റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ ആരോപണവുമായി എച്ച്.എ.എല്‍ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. റഫാല്‍ കരാര്‍ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്.എ.എല്ലിന് കൊടുക്കാതെ റിലയന്‍സിന് നല്‍കി എന്നതാണ് ആരോപണം. ബംഗളൂരുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: