X

‘കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം’; സ്വീകാര്യമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീം കോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവാണ് കത്തയച്ചത്. സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളേയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രിതിനിധികളേയും ഉള്‍പ്പെടുത്തണമെന്ന് നിയമമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലുളള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങള്‍.

ജഡ്ജി നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന് നല്‍കിയ കത്തില്‍ കേന്ദ്ര നിയമ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് ഒന്നര മാസം മുമ്ബ് നിയമ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരും കൊളീജിയം സംവിധാനത്തിനെതിരേ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൊളീജിയത്തിന് കേന്ദ്ര നിയമ മന്ത്രി കത്ത് നല്‍കിയത്. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച മുന്‍ ജഡ്ജി രുമ പാല്‍ ഉള്‍പ്പടെയുള്ള പല ജഡ്ജിമാരും കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് സ്വീകാര്യമല്ലെന്നാണ് സൂചന.

വളഞ്ഞ വഴിയിലൂടെ എന്‍ജെഎസി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജഡ്ജിമാരുടെ ആശങ്ക. ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപിടിലാണ് ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ. എം. ജോസഫ്, എം. ആര്‍. ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീം കോടതി കൊളീജിയം.

webdesk12: