തൂത്തുകുടി: തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റിനെതിരെ കലക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിനു നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. സമരക്കാരെ നേരിടാന്‍ നാലായിരത്തോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചിരുന്നത്.
സ്‌റ്റെര്‍ലൈറ്റ് കമ്പനി ജീവനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് സമരം നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടന്നത്.
സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. 1996ല്‍ സ്ഥാപിതമായ പ്ലാന്റ് മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം തുടരുകയും ചെയ്തു.