ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്നിക് ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടന്‍ കൈമാറും. വാക്സിന്‍ ഡോസുകളുടെ ആവശ്യകത വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആഗസ്റ്റ് മുതല്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ഡി.ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു. ലോകത്തെ മൊത്തം സ്പുട്‌നിക് വാക്‌സിനുകളില്‍ 65-70 ശതമാനം ഇന്ത്യയിലാണ് നിര്‍മിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്യും.
ജൂണില്‍ ഇത് 50 ലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ 85 കോടി ഡോസ് വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് വര്‍മ്മ കൂട്ടിച്ചര്‍ത്തു. റഷ്യന്‍ വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്.
സ്പുട്നിക് ആദ്യം 1,50,000 ഡോസും പിന്നീട് 60,000 ഡോസും ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകള്‍ കൂടി വിതരണം ചെയ്യും. ജൂണോടെ ഇത് 50 ലക്ഷമായി വര്‍ധിപ്പിക്കും. അതിനു ശേഷം ആഗസ്റ്റോടെ ഇന്ത്യയില്‍ ഉത്പാദനവും ആരംഭിക്കും, വര്‍മ്മ കൂട്ടിച്ചേര്‍ത്തു. സ്പുട്‌നിക് ലൈറ്റും റഷ്യ വിതരണം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതിനുള്ള ഡ്രഗ് റെഗുലേറ്ററി അംഗീകാരങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. റെഗുലേറ്ററി അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ സ്പുട്നിക് ലൈറ്റും താമസിയാതെ ഇന്ത്യയില്‍ ലഭ്യമാക്കും.