മാഡ്രിഡ്:ഒടുവില്‍ സൈനുദ്ദീന്‍ സിദാന്റെ തീരുമാനത്തെ റയല്‍ മാഡ്രിഡ് മാനേജ്‌മെന്റ് അംഗീകരിച്ചു. അദ്ദേഹം രണ്ടാം തവണയും ക്ലബിന്റെ പടികളിറങ്ങി. ഇത്തവണ പക്ഷേ വാര്‍ത്താ സമ്മേളനങ്ങളില്ല. റയല്‍ മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പിലുടെ സിദാന്റെ സേവനത്തെ ബഹുമാനിക്കുന്നതായും അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ചതായും അറിയിക്കുകയായിരുന്നു. റയലിന് കിരീടമില്ലാത്ത സീസണായിരുന്നു അവസാനിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനല്‍ വരെ കളിച്ചു. ലാലീഗയില്‍ അവസാന ദിവസം വരെ നീണ്ട സസ്‌പെന്‍സില്‍ അത്‌ലറ്റികോ മാഡ്രിഡിന് രണ്ട് പോയിന്റ് വിത്യാസത്തില്‍ കിരീടം അടിയറ വെക്കുകയായിരുന്നു.
കിംഗ്‌സ് കപ്പില്‍ മാത്രമാണ് ടീം അമ്പേ നിരാശപ്പെടുത്തിയത്. തേര്‍ഡ് ഡിവിഷന്‍ ടീമിനോടായിരുന്നു അവിടെ ടീമിന്റെ തോല്‍വി. പക്ഷേ സിസു വിടപറഞ്ഞത് ഫ്‌ളോറന്റീനോ പെരസ് നയിക്കുന്ന റയല്‍ ബോര്‍ഡിനോടുള്ള അസംതൃപ്തി പറയാതെ പറഞ്ഞാണ്. കരാറില്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ടെങ്കിലും ഈ സീസണിന്റെ മധ്യത്തില്‍ തന്നെ അദ്ദേഹം വിരക്തി പരസ്യമാക്കിയിരുന്നു. താന്‍ ആവശ്യപ്പെട്ടതൊന്നും മാനേജ്‌മെന്റ് നല്‍കിയില്ല എന്ന വലിയ നിരാശ അദ്ദേഹം പറയാതെ പറഞ്ഞു. ഒടുവില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ കരാര്‍ നീട്ടണമെന്ന ആവശ്യത്തെയും നിരാകരിച്ചു. പിന്‍നിരയില്‍ കളിക്കുന്ന റഫേല്‍ വരാനോയെ നിലനിര്‍ത്താനുള്ള നിര്‍ദ്ദേശത്തിനും പുല്ലുവില. കോവിഡ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സീസണില്‍ റിക്രൂട്ട്‌മെന്റ് ഒന്നും നടത്താതെയാണ് റയല്‍ സീസണ്‍ അവസാനിപ്പിച്ചത്. കിലിയിന്‍ എംബാപ്പേ ഉള്‍പ്പെടെയുളളവരെ കൊണ്ട് വരണമെന്ന സിദാന്റെ നേരത്തെയുള്ള ആവശ്യത്തിനും പ്രസിഡണ്ട് സ്ഥാനം നല്‍കിയില്ല.
എത്രയും വേഗം ഒഴിവാക്കണമെന്ന് സിദാന്‍ പറഞ്ഞ ജെറാത്ത് ബെയിലിനോടാവട്ടെ പ്രസിഡണ്ടിന് താല്‍പ്പര്യമായിരുന്നു. എന്നിട്ടും തോല്‍വികള്‍ വരുമ്പോള്‍ വിമര്‍ശിക്കാന്‍ മാത്രമായിരുന്നു പ്രസിഡണ്ടിന് താല്‍പ്പര്യം. താനും ടീമും അര്‍ഹിക്കുന്ന ബഹുമാനം ബോര്‍ഡ് നല്‍കിയില്ല എന്ന് സുഹൃത്തുക്കളോട് സിസു പറഞ്ഞിരുന്നു. സീസണിന്റെ അവസാന മല്‍സരത്തിന് മുമ്പ് ടീമിലെ സീനിയേഴ്‌സിനോട് തന്റെ നിരാശ സിദാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായപ്പോള്‍ അദ്ദേഹം തന്നെ അത് തിരുത്തി. 2001 മുതല്‍ 2006 വരെ റയലിന്റെ മധ്യനിരക്കാരനായിരുന്നു സിദാന്‍. 2016 ല്‍ അദ്ദേഹം ടീമിന്റെ മുഖ്യ പരിശീലകനായി. 2018 വരെയുളള ആദ്യ കാലയളവില്‍ അദ്ദേഹം ചരിത്രമായി. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന വിഖ്യാതന്റെ മികവില്‍ തുടര്‍ച്ചയായി മൂന്ന് തവണ റയല്‍ കിരീടം നേടിയപ്പോള്‍ പിറന്നത് ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡ്.
മൂന്നാം തവണയും കിരീടം നേടിയ ശേഷം അദ്ദേഹം നാടകീയമായി രാജി നല്‍കി. കൃസ്റ്റിയാനോ റൊണാള്‍ഡോയെ കൈമാറാനുള്ള ബോര്‍ഡിന്റെ തീരുമാനമായിരുന്നു അന്ന് സിദാന്റെ രാജിയില്‍ കലാശിച്ചത്. സിദാന്‍ രാജി നല്‍കിയതും റൊണാള്‍ഡോ യുവന്തസിലേക്ക് പോയി. സിദാന്‍ പിന്മാന്നെങ്കിലും റയല്‍ തകര്‍ന്നു പോയി. 2019 ല്‍ അദ്ദേഹത്തെ ക്ലബ് തിരികെ വിളിച്ചു. ആ സീസണില്‍ ലാലീഗ കിരീടമാണ് അദ്ദേഹം സമ്മാനിച്ചത്. മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പുറമെ രണ്ട് തവണ ഫിഫ ക്ലബ് ലോകകപ്പ്, രണ്ട് തവണ യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് തവണ സ്പാനിഷ് സൂപ്പര്‍ കപ്പ്, രണ്ട് തവണ ലാലീഗ കിരീടമെല്ലാം അദ്ദേഹത്തിന്റെ കാലയളവില്‍ റയല്‍ സ്വന്തമാക്കിയിരുന്നു. ഈ സീസണിലായിരുന്നു പ്രശ്‌നങ്ങളെല്ലാം. താന്‍ മാനസികമായി തളര്‍ന്നിരിക്കുന്നു എന്ന സിദാന്റെ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു.