X

ഇന്ത്യ ഖത്തറിനെതിരെ ഇന്ന് ദോഹയില്‍

ദോഹ:കോവിഡ് തീര്‍ത്ത വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് മൈതാനത്ത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിനൊപ്പം നടത്തപ്പെടുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ സുനില്‍ ഛേത്രിയും സംഘവും ശക്തരും അടുത്ത വര്‍ഷത്തെ ലോകകപ്പ് ആതിഥേയരുമായ ഖത്തറിനെ എതിരിടുന്നു. ഇന്ത്യന്‍ സമയം രാത്രി 10-30 നാണ് കളി. ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഇന്ത്യക്ക് കാര്യമായ ലോകകപ്പ് സാധ്യതയില്ല. നാലാം സ്ഥാനത്താണ് നിലവില്‍ ടീം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് അടുത്ത യോഗ്യതാ ഘട്ടത്തിലേക്ക് ബെര്‍ത്ത് ലഭിക്കുക. ഇരു ടീമുകളും ആദ്യ പാദത്തില്‍ ദോഹയില്‍ തന്നെ കളിച്ചപ്പോള്‍ ഇന്ത്യയെക്കാള്‍ ഫിഫ റാങ്കിംഗില്‍ 47 സ്ഥാനങ്ങള്‍ ഉയരത്തിലുള്ള ഖത്തറിനെ ഇന്ത്യ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു.

അന്നത്തെ ആ മികവ് ആവര്‍ത്തിക്കുകയാണ് ഇഗോര്‍ സ്റ്റിമോക് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. അഞ്ച് മല്‍സരങ്ങളില്‍ നിന്നായി മൂന്ന് പോയിന്റ് മാത്രമാണ് ഇത് വരെ ഇന്ത്യന്‍ സമ്പാദ്യം. അതേ സമയം 13 പോയന്റുമായി ഖത്തര്‍ ബഹുദൂരം മുന്നിലാണ്. പക്ഷേ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യാനായാല്‍ 2023 ലെ ഏഷ്യാ കപ്പ് ടിക്കറ്റ് സ്വന്തമാക്കാനാവും. അതേ സമയം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ ഏഷ്യാ കപ്പ് സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഏഷ്യാ കപ്പ് മൂന്നാം റൗണ്ടിലേക്ക് ഓരോ ഗ്രൂപ്പിലെ മികച്ച നാലാം സ്ഥാനക്കാര്‍ക്ക് ബെര്‍ത്തുണ്ട്. ഇനി അഞ്ചാം സ്ഥാനത്തായാല്‍ ഏഷ്യാ കപ്പ് യോഗ്യതാ പ്ലോ ഓഫിലേക്ക് പിന്തള്ളപ്പെടും. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ 10-30 ന് നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയുടെ കരുത്ത് ഛേത്രി നയിക്കുന്ന മുന്‍നിര തന്നെയാണ്. മന്‍വീര്‍ സിംഗായിരിക്കും ഛേത്രിക്കൊപ്പം മുന്‍നിരയില്‍.

മധ്യനിരയില്‍ അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുള്‍ സമദ്, ഉദാത്ത സിംഗ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുമ്പോള്‍ പ്രതിരോധത്തില്‍ പ്രീതം കോട്ടാലും ജിങ്കാനും രാഹുല്‍ ബെക്കേയും സുഭാഷിഷ് ബോസും കളിക്കുമ്പോള്‍ ഗോള്‍ പോസ്റ്റില്‍ സീനിയര്‍ കാവല്‍ക്കാരന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തന്നെ വരും. ഖത്തറിന്റെ കരുത്ത് അവരുടെ മുന്‍നിരയാണ്. മുഹമ്മദ് മുന്‍താരിയും അല്‍മോസ് അലിയും ലോകോത്തര നിലവാരത്തില്‍ കളിക്കുന്നവരാണ്.
കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ നിയന്ത്രണമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.

 

Test User: