X

റാമോസ് ഇനി നെയ്മര്‍ക്കൊപ്പം

പാരീസ്:റയല്‍ മാഡ്രിഡ്‌ന് വേണ്ടാത്ത സെര്‍ജിയോ റാമോസിനെ പി.എസ്.ജി സ്വന്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധനിരക്കാരന്‍ പാരിസ് സംഘത്തിനായി പന്ത് തട്ടുക. കരിയറിന്റെ വേഗകാലം മുതല്‍ റയല്‍ മാഡ്രിഡിന്റെ അമരക്കാരനായിരുന്നു റാമോസ്. ടീമിന്റെ ക്യാപ്റ്റനായി നിരവധി കിരീടങ്ങള്‍ ക്ലബിന് സമ്മാനിച്ച താരം. എന്നാല്‍ പ്രായം 35 ലെത്തിയപ്പോള്‍ റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസിന് അദ്ദേഹം വേണ്ടാത്തവനായി.

കരാര്‍ പുതുക്കാന്‍ മുന്‍ കോച്ച് സിനദിന്‍ സിദാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രസിഡണ്ട് വഴങ്ങിയില്ല. ഈ കാര്യത്തില്‍ പെരസുമായി തെറ്റിയാണ് സിദാന്‍ ക്ലബ് വിട്ടത്. ഒടുവില്‍ ഒരു മാസം മുമ്പാണ് താന്‍ ക്ലബ് വിടാന്‍ തീരുമാനിച്ചതായി റാമോസ് പ്രഖ്യാപിച്ചതും റയല്‍ ആസ്ഥാനമായ സാന്‍ഡിയാഗോ ബെര്‍ണബുവിലെത്തി അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയതും. ആ വാര്‍ത്താ സമ്മേളനത്തില്‍ റാമോസിനൊപ്പം പങ്കെടുക്കാന്‍ വിസമ്മതിച്ച പെരസ് പിന്നീട് നായകന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ നെയ്മറും എംബാപ്പേയും ഉള്‍പ്പെടുന്ന സൂപ്പര്‍ താരങ്ങള്‍ കളിക്കുന്ന പി.എസ്.ജി പൊന്നും വില നല്‍കാന്‍ തയ്യാറായപ്പോള്‍ വേദനയോടെയാണെങ്കിലും റാമോസ് മാഡ്രിഡ് വിടുകയായിരുന്നു.

പി.എസ്.ജിയില്‍ കളിക്കാനാവുന്നത് വലിയ ഭാഗ്യമാണെന്നും തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വര്‍ഷങ്ങളായിരിക്കും ഇനിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധ ഭടനെ സുസ്വാഗതം പി.എസ്.ജി വരവേല്‍ക്കുകയാണെന്ന് പി.എസ്.ജി ക്ലബ് തലവന്‍ നാസര്‍ അല്‍ ഖലീഫി വ്യക്തമാക്കി. പുതിയ സീസണ്‍ മുന്‍നിര്‍ത്തി പി..എസ്.ജി കരാര്‍ ചെയ്യുന്ന മൂന്നാമത് സൂപ്പര്‍ താരമാണ് റാമോസ്. നേരത്തെ മൊണോക്കോയുടെ ഡിഫന്‍ഡര്‍ അഷ്‌റഫി ഹക്കീമി, ഇന്റര്‍ മിലാനില്‍ നിന്നും ജോര്‍ജിനോ വിനാല്‍ഡം എന്നിവരെയും പി.എസ്.ജി കരാര്‍ ചെയ്തിരുന്നു. സമീപകാല ഫുട്‌ബോളില്‍ നെയ്മറും കിലിയന്‍ എംബാപ്പേയുമെല്ലം അണിനിരന്നിട്ടും ഇത് വരെ യൂറോപ്യന്‍ കിരീടം പി.എസ്.ജിക്ക് ലഭിച്ചിട്ടില്ല. പ്രതിരോധത്തിലെ വീഴ്ച്ചകളായിരുന്നു പ്രധാനം.

ഈ കുറവ് പരിഹരിക്കാന്‍ തന്നെയാണ് മൂന്ന് തകര്‍പ്പന്‍ ഡിഫന്‍ഡര്‍മാരെ പി.എസ്.ജി കരാര്‍ ചെയ്തിരിക്കുന്നത്. ലിവര്‍പൂളില്‍ നിന്നും ഫ്രി ഏജന്റായാണ് വിനാല്‍ഡം പാരിസിലെത്തിയത്. ഫ്രഞ്ച് ക്ലബിന്റെ ഇനിയുള്ള കാത്തിരിപ്പ് സൂപ്പര്‍ മെഗാ താരം ലിയോ മെസിക്കായാണ്. ഇപ്പോള്‍ മെസിയും ഫ്രി ഏജന്റാണ്. കോപ്പ അമേരിക്ക ഫൈനലിന് ശേഷം മെസിയുമായി വിശാല ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് ക്ലബ്.

 

 

Test User: