X

മെസി പെലെക്കൊപ്പമെത്തുമോ

ബ്രസീലിയ: വ്യക്തിഗത നേട്ടങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് പറയുമ്പോഴും ഇന്ന് കൊളംബിയക്കെതിരായ കോപ്പ സെമിയില്‍ ഒരു ഗോള്‍ നേടിയാല്‍ അര്‍ജന്റീനയുടെ നായകന്‍ ലിയോ മെസി ഫുട്‌ബോള്‍ രാജാവ് പെലെക്കൊപ്പമെത്തും. 77 ഗോളുകളാണ് രാജാവിന്റെ സമ്പാദ്യം. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ നേടിയ ഫ്രി കിക്ക് ഗോളോടെ മെസിയുടെ രാജ്യാന്തര ഗോള്‍ സമ്പാദ്യം 76 ആയിരുന്നു. ഇന്ന് രണ്ട് ഗോള്‍ നേടിയാല്‍ മെസിയുടെ നാമധേയത്തില്‍ വലിയ റെക്കോര്‍ഡും വരും. പെലെയെയും മറികടന്ന് രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്ന ലാറ്റിനമേരിക്കന്‍ താരമായി അദ്ദേഹത്തിന് മാറാം.

ഗോളടി മാത്രമല്ല മെസിയിലെ സമ്മര്‍ദ്ദം. രാജ്യത്തിനായി ഇത് വരെ വലിയ കിരീടങ്ങളൊന്നും സമ്മാനിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 34 ല്‍ നില്‍ക്കുന്ന ചാമ്പ്യന്‍ താരത്തിന് ഇനി ഒരു കോപ്പ ഉറപ്പില്ല. ഡിയാഗോ മറഡോണ ഉള്‍പ്പെടയുളളവര്‍ രാജ്യത്തിന് ലോകകപ്പ് ഉള്‍പ്പെടെ വലി കിരീടങ്ങള്‍ സമ്മാനിച്ചവാരണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായിട്ടും രാജ്യത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിയാതെ വരുമ്പോള്‍ വിമര്‍ശകരുടെ എണ്ണം വര്‍ധിക്കും. കോപ്പയില്‍ കിരീടം സ്വന്തമാക്കാനായാല്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കരുത്തനായി കളിക്കാന്‍ മെസിക്കാവും. ലോകകപ്പ് വന്‍കരാ റൗണ്ടില്‍ ഇപ്പോള്‍ ബ്രസീലിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. വന്‍കരയില്‍ നിന്നും നാല് ടീമുകള്‍ക്ക് ഖത്തര്‍ യോഗ്യതയുള്ളതിനാല്‍ സമ്മര്‍ദ്ദത്തിന് വകുപ്പില്ല.

 

പക്ഷേ ബ്രസീല്‍ എല്ലാ മല്‍സരങ്ങളും ജയിച്ച് മുന്നേറുമ്പോള്‍ അര്‍ജന്റീനക്ക് അതേ ആധികാരികത നിലനിര്‍ത്താനാവുന്നില്ല. കോപ്പയില്‍ തന്നെ ബ്രസീല്‍ എല്ലാ മല്‍സരങ്ങളും ജയിച്ചപ്പോള്‍ അര്‍ജന്റീന ഒരു സമനില വഴങ്ങിയിരുന്നു. പക്ഷേ ക്വാര്‍ട്ടറില്‍ മൂന്ന് ഗോളിന് ഇക്വഡോറിനെ തോല്‍പ്പിക്കാനായതാണ് മെസിക്ക് ഊര്‍ജ്ജം പകരുന്നത്.

ക്ലബിനായി ധാരാളം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന ഗോള്‍ വേട്ടക്കാരനാവുമ്പോള്‍ രാജ്യത്തിന്റെ ജഴ്‌സിയില്‍ ആ മികവ് മെസിയില്‍ പ്രകടനല്ല. പക്ഷേ കോച്ച് സ്‌കലോനി പറയുന്നത് ഇപ്പോഴും ടീമിന് വിശ്വാസം മെസിയെ ആണെന്നാണ്.

Test User: