ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്ബര ജയിക്കുകയെന്നത് ചരിത്രപ്രാധാന്യമുള്ള ആഷസ് നേടുന്നതിനേക്കാള്‍ വലിയ കാര്യമാണെന്ന് ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്ബരക്ക് മുന്നോടിയായി പുറത്തിറക്കിയ വിഡിയോയില്‍ ഇന്ത്യയില്‍ ജയിക്കുകയെന്നത് കാഠിന്യമുള്ളതാണെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം നേടുന്നതുപോലും ബുദ്ധിമുട്ടുള്ളതാണെന്നും അതു ചെയ്യാന്‍ കഴിഞ്ഞാല്‍ ആഷസ് പരമ്ബരയേക്കാള്‍ വലുതായിരിക്കുമെന്നും താന്‍ കരുതുന്നതായി മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഓപണര്‍ ഡേവിഡ് വാര്‍ണറും പറഞ്ഞു.
“കഴിഞ്ഞ ആഷസ് അതിശയകരമായിരുന്നു, പക്ഷേ ഇന്ത്യയില്‍ പോയി ഇന്ത്യയെ തോല്‍പിക്കുക എന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ഞങ്ങള്‍ക്ക് ഏറ്റവും കഠിനമായ വെല്ലുവിളിയാണ്. ഞാന്‍ കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ ആവുന്നതെല്ലാം ചെയ്യും” -വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അവരുടെ മണ്ണില്‍ തോല്‍പിക്കുകയെന്നത് ഏത് ടീമിന്റെയും ആഗ്രഹവും ലക്ഷ്യവുമാണെന്ന് പേസര്‍ ജോഷ് ഹേസല്‍വുഡ് പറഞ്ഞു. പേസര്‍ മിച്ചല്‍ സ്റ്റാര്‍കും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.