X

ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി

ദോഹ:ആറ് മല്‍സരങ്ങള്‍. ഒരു വിജയം പോലുമില്ല. മൂന്ന് സമനിലകള്‍. മൂന്ന് തോല്‍വികള്‍. ആകെ സമ്പാദ്യം മൂന്ന് പോയിന്റ്. ലോകകപ്പ് ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഖത്തറിനും ഒമാനും അഫ്ഗാനിസ്താനും പിറകില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശുമായി കളിക്കുന്നു. ലോകകപ്പ് വിദൂര സാധ്യതകള്‍ പോലും അസ്തമിച്ച സാഹചര്യത്തില്‍ കടുവകളെ തോല്‍പ്പിച്ചാലുളള ഗുണം 2023 ലെ ഏഷ്യാ കപ്പിലുണ്ടാവും. ഗ്രൂപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നേടിയാല്‍ ഏഷ്യ കപ്പില്‍ കളിക്കാനാവും.

ബംഗ്ലാദേശും ഇന്ത്യയുടെ അതേ അവസ്ഥയില്‍ തന്നെ. ആറ് കളികളില്‍ ഒരു ജയം പോലുമില്ല. നാല് തോല്‍വികളും രണ്ട് സമനിലകളുമായി ആകെ രണ്ട് പോയിന്റ്. ഇന്ത്യയുടെ അത്താഴം മുടക്കാന്‍ കഴിയുന്നവരാണ് ബംഗ്ലാദേശുകാരെന്ന് ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമോക് പറഞ്ഞു. പ്രതിരോധം ശക്തമാക്കി ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ തടയുകയായിരിക്കും അവരുടെ ലക്ഷ്യം. ഇതില്‍ പ്രയാസങ്ങള്‍ ഇന്ത്യക്കുണ്ടാവുമെന്നും ഇഗോര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക്് മുമ്പാണ് ഇന്ത്യ ഖത്തറുമായി ഇതേ വേദിയില്‍ കളിച്ചത്. ആദ്യാവസാനം നിരാശപ്പെടുത്തിയ ടീം ഒരു ഗോളിന് രക്ഷപ്പെടുകയായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ദേശീയ ടീം ഒരുമിച്ചത്. ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ മികവായിരുന്നു

അന്ന് ടീമിന് തുണയായത്. സീനിയര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി, യുവ സ്‌ട്രൈക്കര്‍ മന്‍വീര്‍ സിംഗ് എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഡിഫന്‍ഡര്‍ രാഹുല്‍ ബേക്കെ പത്ത് മിനുട്ടിനിടെ രണ്ട് കാര്‍ഡുകളുമായി നേരത്തെ പുറത്തായിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇഗോര്‍ വാഗ്ദാനം ചെയ്യുന്നത്. നായകന്‍ സന്ദേശ് ജിങ്കാനും വിജയം ഉറപ്പ് നല്‍കുന്നു.
ഇന്ന് 7-30 നാണ് കളി.സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും ഹോട്ട് സ്റ്റാറിലും തല്‍സമയം.

Test User: