1968 ലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ് ഇറ്റലി. മൂന്ന് തവണ ഫൈനല്‍ കളിച്ചവര്‍. മറ്റ് രണ്ട് തവണ റണ്ണേഴ്‌സ് അപ്പ് എന്ന ഖ്യാതിയായിരുന്നു. അസൂരി ഫുട്‌ബോളില്‍ എന്നും സൂപ്പര്‍ താരങ്ങള്‍ നിറയാറുണ്ട്. ഇത്തവണ വന്‍കരാ പട്ടത്തിനായി അവര്‍ വരുമ്പോള്‍ വലിയ കളിക്കാരില്ല. പക്ഷേ പാരമ്പര്യത്തിന്റെ കരുത്തുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഇറ്റലി ക്വാര്‍ട്ടര്‍ കളിച്ചവരാണ്. 2008 ലെ യൂറോയിലും ക്വാര്‍ട്ടറിലെത്തി. ഇത്തവണ മെഗാ താരങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ടീമിന്റെ സമ്പൂര്‍ണ നിയന്ത്രണം കോച്ച് റോബര്‍ട്ടോ മാന്‍സിനിക്കാണ്. 2018 ല്‍ നിയമതിനായ പരിശീലകനാണ് അദ്ദേഹം. ആ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല ഇറ്റലിക്കാര്‍ക്ക്. അവരുടെ ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേടായിരുന്നു ഇത്. 1958 ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് അവര്‍ മെഗാ മേളയില്‍ കളിക്കാന്‍ കഴിയാതെ പുറത്തായത്.
ഫ്രാന്‍സ് കപ്പ് സ്വന്തമാക്കിയ ലോകകപ്പിന് ശേഷം ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധികാരികള്‍ ടീമിന്റെ ദീര്‍ഘകാല ഭാവി മുന്നില്‍ കണ്ടാണ് മാന്‍സിനിക്ക് അവസരം നല്‍കിയത്. അതിനാല്‍ തന്നെ തന്നില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസം രേഖപ്പെടുത്താനുള്ള അവസരമാണ് അദ്ദേഹത്തിനിത്. യൂറോക്ക് യോഗ്യത നേടിയാല്‍ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന വ്യവസ്ഥ പോലും അദ്ദേഹത്തിന്റെ കരാറിലുണ്ടായിരുന്നു. യോഗ്യതാ ഘട്ടത്തില്‍ കളിച്ച പത്തില്‍ പത്ത് മല്‍സരവും ജയിച്ചാണ് മാന്‍സിനി സംഘം വരുന്നത്. മൂന്ന് റൗണ്ട് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ അവര്‍ യോഗ്യത നേടിയിരുന്നു. അവസാനമായി കളിച്ച 22 മല്‍സരങ്ങളില്‍ ഇറ്റലി തോറ്റിട്ടില്ല.
17 ലും വിജയം നേടി. ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുയിജി ദോനാറുമ, മധ്യനിരക്കാരന്‍ നിക്കോളോ ബരേല, വിംഗര്‍ ഫ്രെഡറികോ ചിയേസ തുടങ്ങിയവരായിരുന്നു കോച്ചിന്റെ മുഖ്യ ആയുധങ്ങള്‍. എന്നും പ്രതിരോധക്കരുത്തരാണ് ഇറ്റലിക്കാര്‍. ഇത്തവണയും അതിന് മാറ്റമില്ല. ലിയനാര്‍ഡോ ബനുച്ചി, ജിയോര്‍ജിയോ ചെലീനി, ഫ്രാന്‍സിസ്‌കോ അസ്‌റബി തുടങ്ങിയ അനുഭവക്കരുത്തരുണ്ട്. മധ്യനിരയില്‍ ബരേലയെ കൂടാതെ ജോര്‍ജിനോ, ലോറന്‍സോ പെലിഗ്രിനി, വരേറ്റി തുടങ്ങിയവര്‍. മുന്‍നിരയില്‍ ലാസിയോയുടെ സിറോ ഇംമോബില്‍, ഡൊമിനികോ ബെറാര്‍ഡി തുടങ്ങിയവര്‍. ഗ്രൂപ്പ് എ യില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, തുര്‍ക്കി, വെയില്‍സ് എന്നിവരാണ് ഇറ്റലിക്കാരുടെ പ്രതിയോഗികള്‍.