ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ രാജ്യത്തെ നിശ്ചയിക്കാന്‍ ഇനി എട്ട് ടീമുകള്‍ ബാക്കി. ഇന്ന് മല്‍സരങ്ങളില്ല. നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ അങ്കങ്ങള്‍. ആദ്യ അങ്കത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി കളിക്കുമ്പോള്‍ അന്ന് രാത്രി 12-30 ന് ക്ലാസിക് പോരാട്ടത്തില്‍ ഇറ്റലിയും ബെല്‍ജിയവും നേര്‍ക്കുനേര്‍. ശനിയാഴ്ച്ചയിലെ ആദ്യ ക്വാര്‍ട്ടറില്‍ തകര്‍പ്പനങ്കത്തില്‍ ഡെന്മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ എതിരിടുമ്പോള്‍ അവസാന പോരാട്ടം ഇംഗ്ലണ്ടും ഉക്രൈനും തമ്മില്‍.
ഫുട്‌ബോള്‍ ലോകം പ്രതീക്ഷിച്ച പലരും അവസാന എട്ടില്‍ ഇല്ല. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് അട്ടിമറിക്കപ്പെട്ടപ്പോള്‍ ജര്‍മനിയും പോര്‍ച്ചുഗലും ക്രൊയേഷ്യയും ഹോളണ്ടുമെല്ലാം പുറത്തായി. ആരും പ്രതീക്ഷിക്കാത്തവരായി സ്വിറ്റ്‌സര്‍ലാന്‍ഡും ചെക്ക് റിപ്പബ്ലിക്കും ഉക്രൈനുമെല്ലാം കടന്ന് വരുകയും ചെയ്തു. പല സൂപ്പര്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങി. അഞ്ച് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത കൃസ്റ്റിയാനോ റൊണാള്‍ഡോ, നാല് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത കരീം ബെന്‍സേമ, ഗോളുകളൊന്നും സ്‌ക്കോര്‍ ചെയ്യാതെ കിലിയന്‍ എംബാപ്പേ, രണ്ട് ഗോളുകള്‍ നേടിയ ലുക്കാ മോദ്രിച്ച് തുടങ്ങിയവരാണ് അവസാന എട്ടില്‍ ഇടം ലഭിക്കാതെ മടങ്ങുന്നവര്‍. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇപ്രകാരമാണ്
സ്വിറ്റ്‌സര്‍ലാന്‍ഡ്-സ്‌പെയിന്‍
റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗിലാണ് നാളത്തെ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം. ആരും പ്രതീക്ഷിക്കാത്തവരാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ട് പോരാട്ടത്തില്‍ അട്ടിമറിച്ചെത്തിയവര്‍. ആദ്യ റൗണ്ടില്‍ തട്ടിമുട്ടി കളിച്ചവരാണ് ഷെര്‍ദാന്‍ ഷാക്കിരിയുടെ ടീം. പക്ഷേ നിര്‍ണായക നോക്കൗട്ടില്‍ അവര്‍ വിസ്മയ പ്രകടനം നടത്തി. കരുത്തരുടെ ഫ്രാന്‍സിനെതിരെ തുടക്കത്തില്‍ തന്നെ സ്‌ക്കോര്‍ ചെയ്ത അവര്‍ഡ രണ്ടാം പകുതിയുടെ രണ്ട് മിനുട്ടിനിടെ കരീം ബെന്‍സേമ നേടിയ രണ്ട് ഗോളില്‍ പിറകിലായിരുന്നു. പിറകെ പോള്‍ പോഗ്ബയും സ്‌ക്കോര്‍ ചെയ്തപ്പോള്‍ 3-1ന് ഫ്രാന്‍സ് ലീഡ് നേടി. പക്ഷേ പതറാതെ കളിച്ച സ്വിസ് സംഘം അവസാന പത്ത് മിനുട്ടില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു. അങ്ങനെയാണ് മല്‍സരം 3-3 ല്‍ അവസാനിച്ചത്. അധികസമയത്ത് ഗോള്‍ പിറന്നില്ല.
ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേക്ക് പിഴച്ചപ്പോള്‍ സ്വിസുകാരുടെ ആദ്യ യൂറോ ക്വാര്‍ട്ടര്‍ ബെര്‍ത്തായി. ആരെയും കൂസാതെ കടന്നുവരുന്ന സ്വിസ് സംഘം സ്‌പെയിനിന് വെല്ലുവിളിയാണ്. സ്‌പെയിനിനും നല്ല തുടക്കം ലഭിച്ചിരുന്നില്ല. ആദ്യ രണ്ട് മല്‍സരങ്ങളിലും സമനില വഴങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ ടീം പുറത്താവുമെന്ന തോന്നലുണ്ടായി. എന്നാല്‍ അവസാന മല്‍സരത്തില്‍ സ്ലോവാക്യക്കെതിരെ അഞ്ച് ഗോള്‍ വിജയവുമായി കരുത്തരായി മാറി.
പ്രി ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയായിരുന്നു പ്രതിയോഗികള്‍. അവര്‍ക്കെതിരെയും നിരാശജനകമായ സെല്‍ഫ് ഗോളില്‍ പിറകിലായി. പക്ഷേ പാബ്ലോ സബലേറ്റയുടെ കരുത്തില്‍ തിരികെയെത്തിയ ടീം മൂന്ന് ഗോളുമായി മുന്നില്‍ കയറി. ക്രോട്ടുകാര്‍ തിരികെ വന്നതോടെ കളി 3-3 ലായി. പക്ഷേ അധിക സമയത്ത് സൂപ്പര്‍ താരം അല്‍വാരോ മൊറാത്ത ഫോമിലെത്തിയതോടെ കാര്യങ്ങള്‍ മാറി. രണ്ട് ഗോളുകള്‍ കൂടി അവര്‍ സ്‌ക്കോര്‍ ചെയ്തു. അങ്ങനെ 5-3ന് മല്‍സരം നേടിയാണ് അവര്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കിയത്.
താരബലത്തില്‍ സ്‌പെയിന്‍ ബഹുദൂരം മുന്നിലാണ്. മൊറാത്ത ഉള്‍പ്പെടുന്ന ഗോല്‍ വേട്ടക്കാരില്‍ ഫെറാന്‍ ടോറസിനെ പോലുള്ള യുവതാരങ്ങളുമുണ്ട്. സ്വിസ് സംഘത്തിലെ ശക്തി നായകന്‍ സാക്കയാണ്.
ഇറ്റലി-ബെല്‍ജിയം
ജര്‍മനിക്കാരുട ആസ്ഥാനമായ മ്യുണിച്ചിലെ അലിയന്‍സ് അറീനയിലാണ് ഈ തകര്‍പ്പനങ്കം. പോര്‍ച്ചുഗലിനെ മറിച്ചിട്ടാണ് ബെല്‍ജിയം ക്വാര്‍ട്ടറില്‍ എത്തിയതെങ്കില്‍ ഓസ്ട്രിയക്ക് മുന്നില്‍ പതറിയാണ് ഇറ്റലിക്കാര്‍ കടന്നു കയറിയത്. പക്ഷേ ആദ്യ റൗണ്ടില്‍ റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലി ഗംഭീരമായിരുന്നു. മൂന്ന് മല്‍സരങ്ങളിലും ഗംഭീര പോരാട്ടം. തുര്‍ക്കിയെ മൂന്ന് ഗോളിനും സ്വിറ്റ്‌സര്‍ലാന്‍ഡിനെ അതേ മാര്‍ജിനിലും അവസാന മല്‍സരത്തില്‍ വെയില്‍സിനെ ഒരു ഗോളിനും തോല്‍പ്പിച്ചാണ് യുവ സംഘം കരുത്തരായി മാറിയത്. ഗോള്‍ വേട്ടക്കാരായ സീറോ ഇമ്മോബില്‍, ഇന്‍സാനേ, ലോകോടെലി തുടങ്ങിയവരെല്ലാം ഫോമിലാണ്. ഇവരാണ് ടീമിന്റെ കരുത്ത്. അതിവേഗതയില്‍ കളിക്കുന്ന ഇവര്‍ക്കെതിരെ അനുഭവ സമ്പത്താണ് ബെല്‍ജിയത്തിന്റെ ആയുധം. പക്ഷേ അവരുടെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയന് കളിക്കാനാവുമോ എന്നതാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലിപ്പിക്കുന്ന സംഘത്തിന് വെല്ലുവിളി. നായകന്‍ ഈഡന്‍ ഹസാര്‍ഡും പരുക്കിന്റെ പിടിയിലാണ്. പക്ഷേ റുമേലു ലുക്കാക്കുവിനെ പോലുള്ള മുന്‍നിരക്കാരുടെ കരുത്തില്‍ ഇറ്റലിയെ തോല്‍പ്പിക്കാനാവുമെന്നാണ് കോച്ച് കരുതുന്നത്. ലോക ഫുട്‌ബോള്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടമായിരിക്കുമിത്.
ചെക്ക്-ഡെന്മാര്‍ക്ക്
അസര്‍ ബെയ്ജാന്‍ നഗരമായ ബാക്കുവാണ് ഈ പോരാട്ടത്തിന്റെ വേദി. അട്ടിമറികള്‍ നടത്തിയാണ് രണ്ട് ടീമുകളും ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. ഡെന്മാര്‍ക്ക് ആദ്യ മല്‍സരത്തില്‍ തന്നെ വലിയ ആഘാതം നേരിട്ടവരാണ്. സൂപ്പര്‍ താരം കൃസ്റ്റിയന്‍ എറിക്‌സണ്‍ ഫിന്‍ലാന്‍ഡിനെതരായ ആദ്യ മല്‍സരത്തിന്റെ 42-ാം മിനുട്ടില്‍ കുഴഞ്ഞ് വീണതോടെ താരങ്ങള്‍ തളര്‍ന്നിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ ഇടവേളയില്‍ ആ മല്‍സരം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതരായ ഡാനിഷ് സംഘം ഒരു ഗോളിന് തോറ്റു. രണ്ടാം മല്‍സരത്തില്‍ ബെല്‍ജിയത്തോടും തകര്‍ന്നപ്പോള്‍ ടീം പുറത്താവുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ അവസാന മല്‍സരത്തില്‍ റഷ്യയെ 3-1 ന് തരിപ്പണമാക്കിയാണ് അവര്‍ പ്രി ക്വാര്‍ട്ടറിലെത്തിയത്. അവിടെ കാത്തിരുന്നത് ഗാരത്് ബെയിലിന്റെ വെയില്‍സായിരുന്നു. നാല് ഗോളുകള്‍ക്ക് അവരെ തകര്‍ത്താണ് ഡാനിഷ് സംഘം മുന്നേറിയത്. ചെക്ക് റിപ്പബ്ലിക്കുകാരും അത് പോലെ മന്ദഗതിയില്‍ തുടങ്ങി ഫോമിലേക്ക് വന്നവര്‍. ഹോളണ്ടുകാരെയാണ് അവര്‍ രണ്ട് ഗോളിന് പ്രി ക്വാര്‍ട്ടറില്‍ തകര്‍ത്തത്. പാട്രിക് ഷിക് എന്ന യുവതാരമായിരുന്നു ചെക്ക് കുന്തമുന. മൂന്ന് ഗോളുകളാണ് അധികമാരുമറിയപ്പെടാതിരുന്ന യുവതാരം സ്‌ക്കോര്‍ ചെയ്തത്. ഡച്ച്് സംഘത്തില്‍ മെംഫിസ് ഡിപ്പേയെ പോലുള്ള സൂപ്പര്‍ താരങ്ങള്‍ കളിച്ചിട്ടും ചെക്കുകാര്‍ ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യം പുറത്തെടുത്തവരാണ്. തോമസ് ഹോള്‍സിന്റെ വകയായിരുന്നു ആദ്യ ഗോള്‍. ഇതിന് ശേഷമായിരുന്നു ഷിക് വെടിയുതിര്‍ത്തത്. തുല്യ ശക്തികളുടെ ആവേശകരമായ പോരാട്ടമായിരിക്കുമിത്.
ഇംഗ്ലണ്ട്-ഉക്രൈന്‍
റോമിലെ ഒളിംപിക് സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. പതുക്കെ തുടങ്ങി പ്രി ക്വാര്‍ട്ടറില്‍ ജര്‍മനിയെ തകര്‍ത്തവരാണ് ഇംഗ്ലണ്ട്. ഉക്രൈനാവട്ടെ ആദ്യ റൗണ്ടില്‍ നിന്ന് ഭാഗ്യത്തിന് കടന്നു കയറിയവരാണ്. ഹാരി കെയിന്‍ നയിക്കുന്ന ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യയെ ഒരു ഗോളിന് തോല്‍പ്പിക്കാന്‍ വിയര്‍ത്തിരുന്നു. രണ്ടാം മല്‍സരത്തിലാവട്ടെ അയല്‍ക്കാരായ സ്‌ക്കോട്ട്‌ലാന്‍ഡിന് മുന്നില്‍ സമനില വഴങ്ങി. മൂന്നാം മല്‍സരത്തിലെ വിജയം വഴിയാണ് പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. അവിടെ പക്ഷേ ശക്തരായ പ്രതിയോഗികളായ ജര്‍മനിയെ ആധികാരികമായി രണ്ട് ഗോളിന് കീഴടക്കി. റഹീം സ്‌റ്റെര്‍ലിങ് മൂന്നാം ഗോളും നേടി താരമായപ്പോള്‍ വിമര്‍ശന ശരങ്ങളിലും ഹാരി ഒരു ഗോള്‍ നേടി. ഉക്രൈന്‍ സ്വീഡനെ തകര്‍ത്താണ് യോഗ്യത നേടിയത്.