സെവിയെ: ഇന്ന് രാത്രി 12-30 നാണ് ക്ലാസ്. സ്പാനിഷ് നഗരത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും റുമേലു ലുക്കാക്കുവിന്റെ ബെല്‍ജിയവും. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഈ അങ്കത്തില്‍ ആര് ജയിക്കും…? തോല്‍ക്കുന്നവര്‍ പുറത്താവുമെന്ന സത്യത്തില്‍ ആദ്യം മടങ്ങുക നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരോ, അതോ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരാണോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഒരു വലിയ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പ്രബലരും മുഖാമുഖം വരുന്നത് ഇതാദ്യമായാണ്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പക്ഷേ ഇവര്‍ നേരത്തെ കണ്ട്മുട്ടിയിട്ടുണ്ട്. യോഗ്യതാ പോരാട്ടങ്ങളിലെ അഞ്ച് മുഖാമുഖങ്ങളില്‍ പോര്‍ച്ചുഗല്‍ തോറ്റിട്ടില്ല.
പക്ഷേ പുതിയ ബെല്‍ജിയം, അഥവാ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ സംഘം തോല്‍വികളുടെ കാര്യത്തില്‍ അനുഭവ സമ്പന്നരല്ല.
അവസാന 58 മല്‍സരങ്ങള്‍ മാത്രം ഉദാഹരിച്ചാല്‍ വിജയം മാത്രമല്ല, ശരാശരി എല്ലാ മല്‍സരങ്ങളിലും ശരാശരി മൂന്ന് ഗോളുകള്‍ അവര്‍ സ്‌ക്കോര്‍ ചെയ്യുന്നുണ്ട് എന്ന സത്യമാണ് പോര്‍ച്ചുഗല്‍ പ്രതിരോധത്തിന് വെല്ലുവിളി. സമീപകാലത്ത്് മൂന്ന് ഗോളുകള്‍ അവര്‍ക്ക് സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാത്ത രണ്ട് മല്‍സരങ്ങള്‍ റഷ്യന്‍ ലോകകപ്പിലെ സെമിയും പിന്നെ അതേ വര്‍ഷം തന്നെ പോര്‍ച്ചുഗലുമായി വഴങ്ങിയ ഗോള്‍ രഹിത സമനിലയുമായിരുന്നു. ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു.
ലോകകപ്പിലും യൂറോയിലുമെല്ലാം കഴിഞ്ഞ അഞ്ച് തവണയും നോക്കൗട്ട് കളിച്ച പാരമ്പര്യവും ബെല്‍ജിയത്തിനുണ്ട്. റഷ്യന്‍ ലോകകപ്പില്‍ എല്ലാവരെയും വിസ്മയിപ്പിച്ചായിരുന്നു സെമി ബെര്‍ത്ത്. ഇവിടെ ആദ്യ റൗണ്ടിവല്‍ കരുണയില്ലാത്ത പ്രകടനമാണ് ബെല്‍ജിയം നടത്തിയത്. ആദ്യ മല്‍സരത്തില്‍ റഷ്യക്കെതിരെ മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം മല്‍സരത്തില്‍ ഡെന്മാര്‍ക്കിനെതിരെ 2-1 ജയം. മൂന്നാം മല്‍സരത്തില്‍ ഫിന്‍ലാന്‍ഡ് വലയിലും നിക്ഷേപിച്ചു രണ്ട് ഗോളുകള്‍. ലുക്കാക്കുവാണ് ഗോള്‍ വേട്ടയില്‍ മുന്നില്‍. ടീമിന്റെ ശക്തി കെവിന്‍ ഡി ബ്രുയന്‍ നയിക്കുന്ന മധ്യനിരയാണ്. ചാമ്പ്യന്‍സ് ലീഗിലെ പരുക്കിനെ അതിജയിച്ച് അവസാന രണ്ട് മല്‍സരങ്ങളിലും തന്റെ സാന്നിദ്ധ്യത്തില്‍ മാത്രം ടീമിനെ ജയിച്ചിപ്പിച്ചിട്ടുണ്ട് മാഞ്ചസ്റ്റര്‍ സിറ്റി താരം. നായകന്‍ ഈഡന്‍ ഹസാര്‍ഡാണ് മധ്യനിരയിലെ മറ്റൊരു പോരാളി. ഫോമിലല്ല റയല്‍ മാഡ്രിഡ് താരം. മൂന്ന് മല്‍സരങ്ങളിലും കോച്ച് മാര്‍ട്ടിനസ് നായകന് അവസരം നല്‍കിയിട്ടും പഴയ കരുത്തില്‍ കളിക്കാനായിട്ടില്ല. ഈഡന്‍ ഹസാര്‍ഡിന്റെ സഹോദരന്‍ തോര്‍ഗന്‍ ഹസാര്‍ഡ്, യൂറി ടെലിമാനസ്, ഡെന്‍സ് മാര്‍ട്ടെന്‍സ്, ആക്‌സല്‍ വിറ്റ്‌സല്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന മധ്യനിരക്ക് കരുത്ത് പകരാന്‍ തോമസ് വാര്‍മുലിന്‍ നയിക്കുന്ന ഡിഫന്‍സുണ്ട്. ഗോള്‍ വലയത്തില്‍ പോയ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍ തിബോത്് കുര്‍ത്തോയിസും.
പോര്‍ച്ചുഗലിന് പക്ഷേ ആദ്യ റൗണ്ട് എളുപ്പമായിരുന്നില്ല. ആദ്യ മല്‍സരത്തില്‍ ഹംഗറിയെ പരാജയപ്പെടുത്താന്‍ വിയര്‍ത്തു. രണ്ടാം മല്‍സരത്തില്‍ ജര്‍മനിക്കാരോട് നാല് ഗോളുകള്‍ വഴങ്ങി. അവസാന മല്‍സരത്തില്‍ ഫ്രാന്‍സുമായി 2-2 സമനില. മരണ ഗ്രൂപ്പില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ് കടന്നു കയറിയത്. 2016 ലെ യൂറോയിലും ഇത് തന്നെയായിരുന്നു അവസ്ഥ. ടീമിന്റെ നട്ടെല്ല് നായകന്‍ സി.ആര്‍ തന്നെ. അഞ്ച് ഗോളുകള്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയ സൂപ്പര്‍ താരം. കഴിഞ്ഞ യൂറോയില്‍ മുന്‍നിരയില്‍ സി.ആര്‍ തനിച്ചായിരുന്നെങ്കില്‍ ഇത്തവണ ഡിയാഗോ ജോട്ട, ജാവോ ഫെലിക്‌സ്, ആന്ദ്രെ സില്‍വ തുടങ്ങിയവരെല്ലാമുണ്ട്. മധ്യനിരയും പ്രതിഭകളാല്‍ സമ്പന്നം. ബ്രുണോ ഫെര്‍ണാണ്ടസ്, റെനാറ്റോ സാഞ്ചസ്, ബെര്‍നാര്‍ഡോ സില്‍വ, റാഫ സില്‍വ, വില്ല്യം കാര്‍വാലോ തുടങ്ങിയവര്‍. സീനിയര്‍ താരം പെപെയാണ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത്. റുയി സില്‍വ എന്ന ഗോള്‍ക്കീപ്പറും മിടുക്കന്‍. രണ്ട് ടീമിലും യൂറോപ്യന്‍ ക്ലബ് സോക്കറിലെ പ്രമുഖരാണ് മുഖാമുഖം വരുന്നത്. ശക്തരുടെ ഈ അങ്കത്തില്‍ ആര് തോറ്റാലും അത് സോക്കര്‍ ലോകത്തിന് വലിയ നഷ്ടമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.